കേരളം
മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തി; പാലക്കാട് ജില്ലാ ജഡ്ജിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ
പാലക്കാട്; ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ബി. കലാം പാഷയ്ക്കെതിരെ ഹൈക്കോടതിയില്‍ പരാതിയുമായി ഭാര്യ.സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയെന്നാണ് പരാതി. ജഡ്ജിയുടെ സഹോദരനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയായ കമാല്‍ പാഷ കേസില്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു.
2018 മാര്‍ച്ച് ഒന്നിനാണ് അതേ തിയ്യതി തന്നെ രേഖപ്പെടുത്തി മുത്തലാഖ് ചൊല്ലിയതായുള്ള കത്ത് ബി. കലാം പാഷ പരാതിക്കാരിക്ക് നല്കിയത്.
പിന്നീട് ഈ തിയ്യതി അച്ചടി പിശക് ആണെന്നും 2018 മാര്‍ച്ച് ഒന്ന് എന്നത് 2017 മാര്‍ച്ച് ഒന്ന് എന്ന തിയ്യതിയിലേക്ക് കത്തു മാറ്റണമെന്നും ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നല്‍കിയെന്നാണ് പരാതിക്കാരി പറയുന്നത്. ഇത് സുപ്രീം കോടതി മുത്തലാഖ് നിരോധിക്കുന്നതിനു മുന്‍പുള്ള തിയ്യതിയാണെന്നും ഇതുവഴി നിയമനടപടികളില്‍ നിന്നും രക്ഷപെടുവാനാണ് ഉദ്ദേശമെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.2017 ഓഗസ്റ്റില്‍ സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിരുന്നു. നിലവില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്.
നേരത്തെ തന്നെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെട്ടിരുന്ന ഈ സംഭവത്തില്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.നിലവില്‍ ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചായിരിക്കും ഹൈക്കോടതി തീരുമാനമെടുക്കുക.
ജഡ്ജിയുടെ സഹോദരനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയുമായ കമാല്‍ പാഷ കേസില്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരിയുടെ ആരോപണമുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിയില്ലെങ്കില്‍ ഭവിഷ്യത് വലുതായിരിക്കുമെന്ന് കമാല്‍ പാഷ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്.
എന്നാല്‍ ആരോപണം തെറ്റാണെന്നും ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പങ്കെടുക്കുകയാണ് താന്‍ ചെയ്തെതെന്നുമാണ് ജസ്റ്റിസ്. ബി.കെമാല്‍ പാഷ വിവാദങ്ങളോട് പ്രതികരിച്ചത്.