കേരളം
അപ്പർ കുട്ടനാട്ടിലെ തലവടിയിൽ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു
വെള്ളപ്പൊക്ക ദുരിതം ഏറ അനുഭവിക്കുന്ന അപ്പർ കുട്ടനാട്ടിലെ തലവടിയിൽ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു. തമിഴ്നാട് കാരക്കോണത്തു നിന്നുള്ള ഫോർത്ത് ബെറ്റാലിയൻ എൻ ഡി ആർ എഫ് സംഘമാണ് തലവടിയിൽ എത്തിയത്.
അടിയന്തിര ഘട്ടത്തിൽ ദുരിത ബാധിത പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാനും ദുരിത ബാധിതർക്ക് ലഭ്യമായ സേവനം നൽകാനുമാണ് സംഘത്തിന് ചുമതല. ജില്ല കളക്ടറിൻ്റെ മേൽനോട്ടത്തിലാണ് എൻ ഡി ആർ എഫ് സംഘം സന്ദർശനം നടത്തുന്നത്. ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങളിൽ എൻ ഡി ആർ എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. എസ് ഐ വിശാലിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘം നീരേറ്റുപുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കനത്ത മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവു വർധിച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. തലവടി പഞ്ചായത്തിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
തലവടി പഞ്ചായത്ത് മൂന്നാംവാർഡിൽ പൂന്തുരുത്തി, നാലാംവാർഡ് നെരവംതറ, 7-ാം വാർഡ് കുന്നുമ്മാടി – കുതിരച്ചാൽ, 10-ാം വാർഡ് മണലേൽ അംബേദ്‌കർ, 11-ാം വാർഡ് പുലിത്തട്ട് എന്നിവിടങ്ങളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. മൂന്നുദിവസമായി പെയ്യുന്ന കനത്തമഴയിൽ നിരണം, തലവടി, എടത്വാ, തകഴി, വീയപുരം എന്നീ പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.
മുട്ടാർ പഞ്ചായത്തിലെ താഴ്ന്നപ്രദേശങ്ങളും മുട്ടാർ റോഡും വെള്ളത്തിലായതോടെ ജനജീവിതം ദുസ്സഹമായിത്തീർന്നു. തലവടി, മുട്ടാർ പ്രദേശത്തെ നദികളും തോടുകളും കരകവിഞ്ഞാഴുകാൻ തുടങ്ങി. മഴ നീണ്ടുനിന്നാൽ തലവടിയിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തിൽ മുങ്ങും. കുന്നുമ്മാടി – കുതിരച്ചാൽ നിവാസികളാണ് മഴയിൽ ഏറെ ദുരിതം അനുഭവിക്കുന്നത്. അപ്പർ കുട്ടനാട്ടിൽ ആദ്യം വെള്ളത്തിൽ മുങ്ങുന്ന പ്രദേശമെന്നിരിക്കേ ഇവിടത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മറ്റേണ്ടിവരും.