ദേശീയം
സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു
തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ‘എതിര്‍നീച്ചൽ’ എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെൽസൺ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലറിലാണ്. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രത്തിന്‍രെ വലംകൈ ആയി അഭിനയിച്ചത് മാരിമുത്തു ആയിരുന്നു.
1993ലാണ് മാരിമുത്തു തന്റെ കരിയർ തുടങ്ങുന്നത്. അരന്മനൈ കിളി (1993), എല്ലാമേ എൻ രസത്തൻ (1995) എന്നീ ചിത്രങ്ങളിൽ രാജ്കിരണിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. മണിരത്‌നം, വസന്ത്, സീമാൻ, എസ്. ജെ. സൂര്യ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്ര നിർമ്മാതാക്കൾക്കൊപ്പം സഹസംവിധായകനായി മാരിമുത്തു തുടർന്നു, സിലംബരശന്റെ ടീമായ മന്മഥനിനും അദ്ദേഹം സഹസംവിധായകനായി.