കേരളം
കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും
വിനാശസ്വഭാവമുള്ള മഞ്ഞക്കൊന്ന മുറിച്ചു മാറ്റാൻ അനുമതിയായി; കെ.പി.പി.എൽ പേപ്പർ നിർമ്മാണത്തിന് ഉപയോഗിക്കും. ചുറ്റുമുള്ള സസ്യജന്തുജാലങ്ങൾക്ക് വിനാശകാരിയായ മഞ്ഞക്കൊന്ന (സെന്ന സ്പെക്ടാബിലിസ്) മുറിച്ചു മാറ്റി പേപ്പർ നിർമ്മാണത്തിന് ഉപയോഗിക്കും. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂരിലെ കെ.പി.പി.എൽ, പേപ്പർ പൾപ്പ് ഉൽപാദിപ്പിക്കാൻ ഇനി മഞ്ഞക്കൊന്നയും ഉപയോഗപ്പെടുത്തും.
ഇതിനുള്ള ഉത്തരവ് വനം വകുപ്പ് പുറപ്പെടുവിച്ചു. കേന്ദ്രം കൈയ്യൊഴിഞ്ഞതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത സ്ഥാപനമാണ് കെ.പി.പി.എൽ. വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിൻ്റ് ഉൽപാദനം വർധിപ്പിക്കുന്നതിന് എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതിൻ്റെ ഭാഗമായാണ് മഞ്ഞക്കൊന്നയും പേപ്പർ നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
അധിനിവേശ സസ്യ ഇനത്തിൽ പെട്ട മഞ്ഞക്കൊന്ന വയനാട് വന്യജീവി സങ്കേതത്തിലാണ് പ്രധാനമായും വളർന്ന് വ്യാപിക്കുന്നത്. വയനാട് സങ്കേതത്തിലെ 35 ശതമാനത്തിലേറെ പ്രദേശത്ത് 123.86 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചിരിക്കുകയാണ്. 55. 26% വേഗതയിലാണ് ഈ സസ്യം പടർന്ന് കയറുന്നത്. കാട്ടിലെ സസ്യജന്തു ജാലങ്ങൾക്ക് ഭീഷണി ഉയർത്തുന്നതാണ് മഞ്ഞക്കൊന്നയുടെ സാന്നിധ്യം. ചുറ്റുമുള്ള സസ്യങ്ങളേയും മഞ്ഞക്കൊന്നയുടെ സാന്നിധ്യം ദോഷകരമായി ബാധിക്കും. വന്യജീവികൾക്ക് തീറ്റയായും ഇലകൾ ഉപയോഗപ്പെട്ടില്ല. മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ഇത് ഹേതുവാകുന്നതായും വനം വകുപ്പ് വിലയിരുത്തുന്നുണ്ട്.
നീലഗിരി ജൈവമേഖലയുടെ ഭാഗമായ വയനാട് സങ്കേതത്തിൽ മഞ്ഞക്കൊന്ന വ്യാപിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുകയും ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും എന്ന് കണ്ടാണ് മഞ്ഞക്കൊന്ന മുറിച്ചു മാറ്റാൻ വനം വകുപ്പ് പ്രിൻസിപ്പൽ സി.സി.എഫ് ഉത്തരവിട്ടത്. സംരക്ഷിത വനമേഖലകളിൽ നിന്ന് മുറിച്ചു മാറ്റുന്ന മരം സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ കെ.പി.പി.എല്ലിന് കൈമാറും. ഈ പണം വനം പുനസ്ഥാപനത്തിന് ഉപയോഗിക്കും. 5000 മെട്രിക് ടൺ മഞ്ഞക്കൊന്നയാണ് തുടക്കത്തിൽ കെ.പി.പി.എൽ ശേഖരിക്കുക.
കെ.പി.പി.എൽ നേരിട്ട് നടത്തിയ പഠനത്തിലാണ് മഞ്ഞക്കൊന്ന പേപ്പർ ഉൽപാദനത്തിന് ഉപയോഗിക്കാൻ കഴിയുമെന്ന് ബോധ്യപ്പെട്ടത്. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ കെ.പി.പി.എൽ ന്യൂസ്പ്രിന്‍റ് ഉപയോഗിച്ചു തുടങ്ങിയതോടെ ആവശ്യം വർധിച്ചിരിക്കുകയാണ്. പേപ്പർ നിർമ്മാണത്തിനുള്ള വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാറിന് വനം വകുപ്പും കെ.പി.പി.എല്ലുമായി നേരത്തെ ധാരണയായിരുന്നു.
പ്രതിമാസ ഉൽപാദനത്തിലും വിറ്റുവരവിലും റെക്കോർഡ് നേട്ടമാണ് കെപിപിഎല്‍ കൈവരിച്ചിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉല്‍പാദനമായ 5236 ടൺ ന്യൂസ് പ്രിന്റ് ഉൽപാദനമാണ് മെയ് മാസത്തിൽ കൈവരിച്ചത്. ഇറുക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര ന്യൂസ്പ്രിന്‍റിനോളം നിലവാരമുള്ളതാണ് കെപിപിഎലിന്റെ ഉൽപ്പന്നങ്ങളെന്നതിനാൽ രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ ഇപ്പോൾ കേരളത്തിന്റെ കടലാസാണ് ഉപയോഗിക്കുന്നത്.
മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, തമിഴ് ദിനപത്രങ്ങളായ ദിനതന്തി, ദിനകരന്‍, ദിനമലര്‍, മാലൈ മലര്‍, തെലുങ്ക് ദിനപത്രങ്ങളായ സാക്ഷി, ആന്ധ്രജ്യോതി, നവതെലുങ്കാന, പ്രജാശക്തി, ഹിന്ദി/ഗുജറാത്തി ദിനപത്രങ്ങളായ ദൈനിക് ഭാസ്കര്‍, ഗുജറാത്ത് സമാചാർ, ഇംഗ്ലീഷ് ദിനപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ബിസിനസ്സ് സ്റ്റാന്‍ഡേർഡ്, ഫിനാന്‍ഷ്യൽ എക്സ്പ്രെസ്, ഡെക്കാണ്‍ ക്രോണിക്കിള്‍ തുടങ്ങിയ പത്രങ്ങൾ കെപിപിഎല്‍ ന്യൂസ്പ്രിന്‍റ് സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.