കേരളം
‘ഉയിരൊഴിഞ്ഞിട്ടും ജനക്കൂട്ടം ഉമ്മൻ ചാണ്ടിയെ കൈയ്യൊഴിയുന്നില്ല’; ഷാഫി പറമ്പിൽ
ഉമ്മൻചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് തിരിച്ചിട്ട് മണിക്കൂറുകൾ പിന്നിട്ടു. കടന്നുപോകുന്ന പാതക്കിരുവശവും പ്രിയ നേതാവിനെ അവസാനമായി കാണാൻ ജനക്കൂട്ടം തിക്കിത്തിരക്കുകയാണ്.
കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലും ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരത്തിനൊപ്പം വാഹനത്തിലുണ്ട്. വിലാപ യാത്ര 8 കിലോമീറ്റർ സഞ്ചരിക്കുവാൻ മൂന്ന് മണിക്കൂറോളം. ഉയിരൊഴിഞ്ഞിട്ടും ജനക്കൂട്ടം ഉമ്മൻ ചാണ്ടിയെ കൈയ്യൊഴിയുന്നില്ലെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
മണിക്കൂറുകൾ പിന്നിട്ടിട്ടും വളരെ കുറച്ച് കിലോമീറ്റർ മാത്രം പിന്നിടുന്നതിന്റെ കാരണം ഈ മനുഷ്യന് തനിച്ചാകാൻ കഴിയില്ല എന്നുള്ളതാണ്. അവസാന യാത്രയിലും അദ്ദേഹം തനിച്ചല്ല. അവസാന യാത്രയിലും ജനക്കൂട്ടം അദ്ദേഹത്തിന്റെ കൂടെയാണ്. പക്ഷേ ഇപ്പോൾ ജനക്കൂട്ടം തനിച്ചാകുകയാണ്.
അവരുടെ നാഥനില്ലാതെ ആകുകയാണ്. ഇതിൽ നിന്ന് ഒരു കാര്യം പഠിക്കാനുള്ളത് എത്രയൊക്കെ അപമാനിക്കാൻ ശ്രമിച്ചിട്ടും കുറ്റപ്പെടുത്താനും കല്ലെറിയാനും ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ നന്മ അദ്ദേഹം കൈ വിട്ടില്ല എന്നുള്ളതാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.