ദേശീയം
അർജുനെ കണ്ടെത്താൻ തീവ്ര ശ്രമം; നേവിയും എൻഡിആർഎഫും ലൈറ്റുകളെത്തിച്ച് രാത്രിയും പരിശോധന തുടരുന്നു
കർണാടകയിയെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തീവ്ര ശ്രമം തുടരുന്നു. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. നേവിയും എൻഡിആർഎഫും സംയുക്തമായാണ് പരിശോധന തുടരുന്നത്. ലൈറ്റുകളെത്തിച്ച് രാത്രിയും തിരച്ചില്‍ തുടരുകയാണ്.
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചാണ് ഇപ്പോൾ പരിശോധന തുടരുന്നത്. ജിപിഎസ് സിഗ്നൽ കിട്ടിയ സ്ഥലത്തെ മണ്ണ് നീക്കിയാണ് പ്രധാന പരിശോധന. റഡാർ ഉപയോഗിച്ചു പരിശോധന നടത്തണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.
അർജുനക്കം അഞ്ച് വാഹനങ്ങളിലായി 10 പേർ മണ്ണിനടിയിൽ തന്നെ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നിഗമനം. മണ്ണിടിച്ചിലിനെ തുടർന്നു ലോറി സമീപത്തെ ഗംഗാവലി പുഴയിലേക്ക് പോയിട്ടുണ്ടോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ അതു നീങ്ങി.
അവസാനം ജിപിഎസ് ലൊക്കേഷൻ ലഭിച്ചയിടത്തെ മണ്ണു നീക്കിയാണ് ഇപ്പോഴത്തെ പരിശോധന. കനത്ത മഴയും രക്ഷാപ്രവർത്തനം ഇടക്കിടെ തടസപ്പെടുത്തുന്നുണ്ട്. കാസർക്കോട് നിന്നു മോട്ടോർ വാഹന വകുപ്പിന്റെ നാല് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഇവരും പങ്കാളികളാകും.
മണ്ണിനടിയിൽ അർജുനടക്കം 10പേർ കുടുങ്ങിയിട്ടുണ്ടെന്നു ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മിപ്രിയയാണ് വ്യക്തമാക്കിയത്. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ശേഷിച്ചവർക്കായി തിരച്ചിൽ തുടരുന്നെന്നും കലക്ടർ പറഞ്ഞു. ബാക്കിയുള്ളവർ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന.
8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതിൽ 5 പേർ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുകയാണ് കുടുംബം. ഇതിനരികിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കടയുടമ ലക്ഷ്മൺ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകൻ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.
ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാപിതാക്കളിൽ ഒരാളുടെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേർ ഡ്രൈവർമാരാണ് എന്നാണ് സൂചന. ഇതിൽ ഒരാൾ തമിഴ്‌നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. അപകടസ്ഥലത്തു നിന്ന് ഒരു ട്രക്കും കാറും കണ്ടെടുത്തു.