കേരളം
ഫയലുകൾ സമയത്തിന് തീർപ്പാക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്
ഫയലുകൾ സമയാസമയം തീർപ്പ് കൽപ്പിക്കാതെ അടയിരിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താൻ പ്രത്യേക ഡ്രൈവ് നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്. കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ഹെഡ്മാസ്റ്ററും എ ഇ ഒയും പ്രതിചേർക്കപ്പെട്ട പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ നടപടി. ഹെഡ്മാസ്റ്ററേയും എ ഇ ഒ യെയും സംഭവത്തിന് പിന്നാലെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ വിഭാഗത്തിലും അസാധാരണ രീതിയിൽ ഫയലുകൾ തീർപ്പാകാതെ കിടപ്പുണ്ടോ എന്ന സൂക്ഷ്മ പരിശോധന ഉണ്ടാകും. അങ്ങനെ കണ്ടെത്തിയാൽ അതിന്റെ കാരണം തേടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ച ആണെങ്കിൽ നടപടിയും ഉണ്ടാകും.
പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് എന്തെങ്കിലും നടപടിയ്ക്ക് വേണ്ടി പ്രതിഫലമോ ഉപഹാരമോ നൽകരുത് എന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. അങ്ങിനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ സത്വര നടപടിയുണ്ടാകും. വകുപ്പിന്റെ ഉത്തരവുകൾ ഉദ്യോഗസ്ഥർ വച്ചുതാമസിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലും ഉടൻ ബന്ധപ്പെട്ടവർക്ക് വിവരം നൽകണം. സെപ്റ്റംബർ അവസാനത്തോടെ എ ഇ ഒ, ഡി ഇ ഒ, ആർ ഡി ഡി, ഡി ഡി ഇ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും തീർപ്പാക്കാൻ നടപടി ഉണ്ടാകണമെന്നും മന്ത്രി അധികൃതർക്ക് നിർദേശം നൽകി.