ദേശീയം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസ് ദുഷ്കരം
ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് ശക്തിപ്രാപിച്ചതോടെ സ്ഥിതിഗതികൾ അതീവ രൂക്ഷം. ദൃശ്യപരിധി 50 മീറ്ററിന് താഴെ മാത്രമാണ്. റോഡ്, ട്രെയിൻ വ്യോമഗതാഗത്തെ മൂടൽമഞ്ഞ് ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ രാവിലെ 5.30 മുതൽ ദൃശ്യ പരിധി പൂജ്യം മീറ്റർ എന്നാണ് കാലാവസ്ഥ റിപ്പോർട്ട്.
ഉത്തരേന്ത്യയില്‍ 2023 ഡിസംബര്‍ 30-ന് തുടങ്ങിയ അതിശൈത്യം ഇപ്പോഴും തുടരുകയാണ്. അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തണുപ്പ് കൂടിയതോടെ വായു മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു മലിനീകരണം രൂക്ഷമായതോടെ ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണു നടപടി. റിപ്പോർട്ട് 4 ആഴ്ചയ്ക്കുള്ളിൽ നൽകണമെന്നാണ് നിർദേശം.