കേരളം
ഇരട്ടവോട്ട് തടയൽ നടപടി; ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
നിയമസഭ തെരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് തടയാൻ മുൻകൈ എടുക്കുന്ന ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
ഇരട്ടവോട്ട് തടയാൻ ഇരിക്കുന്ന ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം നൽകണമെന്നും, ഇവർക്കെതിരെ ആക്രമണം ഉണ്ടായാൽ കർശന നിയമ നടപടി സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു. സംരക്ഷണത്തിനായി കേന്ദ്രസേനയെ നിയോഗിക്കണമെന്ന ഹൈക്കോടതി വിധി പാലിക്കാൻ നടപടിയെടുക്കണമെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
140 നിയോജക മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാർത്ഥികൾ സംരക്ഷണം ആവശ്യമുള്ള ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. ഇനി ഈ ലിസ്റ്റ് കലക്ടർമാർക്ക് നൽകാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. അത് പരിഗണിച്ച് കൊണ്ട് ബൂത്ത് ഏജന്റുമാർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
നേരത്തെ ഇരട്ടവോട്ട് തടയാൻ നാലിന മാർഗ്ഗ നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തല. ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ ആണ് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ബിഎൽഒമാർ മുൻകൂർ രേഖാമൂലം എഴുതി വാങ്ങണം .ഇതിന്‍റെ വിശദാംശങ്ങൾ ബന്ധപ്പെട്ട എല്ലാ പ്രിസൈഡിങ് ഓഫീസർമാർക്കും തിരഞ്ഞെടുപ്പിന് മുൻപേ കൈമാറണം. ഇരട്ടവോട്ട് ഉള്ളവർ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇവരുടെ ഫോട്ടോ എടുത്തു തിരഞ്ഞെടുപ്പ് കമ്മീഷൻ സെർവറിൽ അപ്‌ലോഡ് ചെയ്യണമെന്നും ചെന്നിത്തല ആശ്യപ്പെട്ടു.