Covid 19
ഡെൽറ്റ പ്ലസ് വകഭേദം; കേരളത്തിൽ നാല് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കേരളത്തിൽ കണ്ടെത്തി. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നാല് വയസുകാരനും പാലക്കാട് രണ്ട് പേർക്കുമാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.
പത്തനംതിട്ട കടപ്ര പഞ്ചായത്തിലാണ് നാല് വയസുകാരന് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ കൂടുതൽ ജാഗ്രത വേണമെന്നു കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കടപ്ര പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കലക്ടർ നിർദേശിച്ചു. പാലക്കാട് രണ്ട് പേർക്കാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്.
അതേസമയം ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായെന്ന് കരുതുന്ന കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമായ ഡെൽറ്റ പ്ലസ് അതീവ അപകടകാരിയാണെന്ന് എയിംസ് മേധാവി ഡോ.രൺദീപ് ഗുലേരിയ. ബ്രിട്ടനിൽ മൂന്നാം തരംഗത്തിന് കാരണമായ ഈ വകഭേദത്തെക്കുറിച്ച് പഠിച്ച് അതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധം തീർക്കമെന്നും അദ്ദേഹം പറഞ്ഞു.
ആറ് മുതൽ എട്ട് വരെ ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടാകും, ചിലപ്പോൾ കുറച്ച് നീണ്ടേക്കാം. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടില്ലെങ്കിൽ മൂന്നാം തരംഗത്തെ അതിജീവിക്കുക ദുഷ്‌കരമാകും. ജനങ്ങളുടെ ജാഗ്രതയ്‌ക്ക് മാത്രമേ മൂന്നാം തരംഗത്തെ ചെറുക്കാനാവൂ.
ബി. 1.617.2.1, എ.വൈ. 1 എന്നെല്ലാം അറിയപ്പെടുന്ന ഡെൽറ്റ പ്ലസ് വകഭേദത്തിൽ കെ 417എൻ വ്യതിയാനം കൂടി ഉൾചേർന്നതായി ഡൽഹി സി.എസ്.ഐ.ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞനായ വിനോദ് സ്‌കറിയ പറയുന്നു. സാർസ് കോവ് 2 വൈറസിന്റെ മുനകൾ പോലുള്ള സ്‌പൈക് പ്രോട്ടീനാണ് വ്യതിയാനം സംഭവിച്ചത്.