കേരളം
‘ഹോം നഴ്സിന്റെ മരണം മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ട്’; പിടികൂടി പൊലീസ്
ബാലുശേരിയില്‍ ഹോം നഴ്സ് മരിച്ചത് മകന്‍ എറിഞ്ഞ കല്ല് തലയില്‍ കൊണ്ടാണെന്ന് പൊലീസ്. മരണവുമായി ബന്ധപ്പെട്ട് മകന്‍ മണികണ്ഠനെ ബാലുശേരി ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കരിയാത്തന്‍കാവ് കുന്നുമ്മല്‍ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) ആണ് ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. കുടുംബ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇവരുടെ വീട്ടില്‍ ബന്ധുക്കള്‍ എത്തിയിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവര്‍ മടങ്ങിയതിന് ശേഷമാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. വീട്ടുകാരോട് പ്രകോപനപരമായി പെരുമാറിയ മണികണ്ഠന്‍ കൈയ്യില്‍ കിട്ടിയതെല്ലാം വലിച്ചെറിയുകയായിരുന്നു. ഇതിനിടയില്‍ കല്ല് എറിഞ്ഞപ്പോഴാണ് അമ്മിണിയുടെ തലയില്‍ കൊണ്ടത്. സാരമായി പരുക്കേറ്റ അമ്മിണിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണികണ്ഠന്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ മണികണ്ഠനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.