കേരളം
വാഹന നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി
സംസ്‌ഥാനത്ത് വാഹന നികുതി ഉൾപ്പടെ വിവിധ നികുതികൾ അടക്കുന്നതിനുള്ള സമയപരിധി നീട്ടി. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ചത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ഓട്ടോറിക്ഷ, ടാക്‌സി, സ്‌റ്റേജ് കോണ്‍ട്രാക്‌ട് വാഹനങ്ങളുടെ നികുതി അടക്കാന്‍ ഓഗസ്‌റ്റ് 31 വരെ നൽകിയിരുന്ന സാവകാശം നവംബർ 30 വരെയാണ് നീട്ടിയത്. കൂടാതെ ടേണ്‍ ഓവര്‍ ടാക്‌സ് അടക്കാന്‍ സെപ്റ്റംബര്‍ അവസാനം വരെ ഇളവുണ്ടാകുമെന്നും, പിഴ ഇളവോടെ ജിഎസ്‌ടി കുടിശിക അടക്കാനുള്ള ആംനസ്‍റ്റി പദ്ധതി ഒക്‌ടോബർ 31 വരെ നീട്ടിയതായും മന്ത്രി വ്യക്‌തമാക്കി.
നിലവിൽ കോവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്‌ഥാനത്ത് സൃഷ്‌ടിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇല്ലെങ്കിലും നിലവിലുള്ള നികുതി വേണ്ടെന്ന് വെക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങൾക്ക് ഫണ്ട് ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യാപാരികൾക്ക് പലിശ കുറഞ്ഞ വായ്പ ലഭ്യമാക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.