കേരളം
കനകക്കുന്നിന്റെ മണ്ണിൽ എന്റെ കേരളം മെഗാ പ്രദർശന വിപണന മേള മൂന്നാം ദിവസം
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം മെഗാ പ്രദർശന വിപണന ഭക്ഷ്യ മേള’ തിരുവനന്തപുരം കനകക്കുന്നിൽ പുരോഗമിക്കുന്നു. ഈ മാസം 27 വരെയാണ് മേള നടക്കുന്നത്.പൂർണമായും ശീതീകരിച്ച ഇരുന്നൂറ്റിയമ്പതിലധികം സ്റ്റാളുകളിലാണ് മേള നടക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾക്ക് പുറമെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, കേരള പൊലീസ്, സഹകരണ വകുപ്പ്, കിഫ്ബി തുടങ്ങിയവർ ഒരുക്കുന്ന പ്രത്യേക പ്രദർശനം മേളയിലുണ്ട്. പതിനഞ്ചോളം സർക്കാർ വകുപ്പുകളുടെ തത്സമയ സേവനങ്ങൾ സൗജന്യമായും വേഗത്തിലും ലഭിക്കുന്ന സർവീസ് സ്റ്റാളുകൾ, വിലക്കുറവിൽ വിവിധ വകുപ്പുകളുടെയും ചെറുകിട സംരംഭകരുടെയും ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുന്ന വിപണന സ്റ്റാളുകൾ, മുന്നൂറോളം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവുന്ന രുചി വൈവിധ്യങ്ങൾ വിളമ്പുന്ന അതിവിപുലമായ ഫുഡ് കോർട്ട് എന്നിവയുമുണ്ട്.
കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ, പുതുതലമുറയുടെ ആശയങ്ങൾ കേൾക്കാനും സ്റ്റാർട്ടപ്പ് സംരംഭകരുടെ നേട്ടങ്ങൾ വിശദീകരിക്കാനുമുള്ള യൂത്ത് സെഗ്മെന്റ്, അത്യാധുനിക റോബോട്ടുകൾ ഉൾപ്പെടെ നിരക്കുന്ന ബൃഹത്തായ ടെക്നോസോൺ, കായിക സാംസ്ക്കാരം വളർത്താനായി സജ്ജീകരിച്ചിരിക്കുന്ന സ്പോർട്സ് കോർണർ തുടങ്ങിയവ മെഗാ മേളയുടെ പ്രധാന ആകർഷണമാണ്.