കേരളം
ദാ എത്തി തുലാവർഷം; നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, പകൽ ചൂടും കൂടും
കേരളത്തില്‍ വീണ്ടും മഴ കനക്കും. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയായി ഉച്ചയ്ക്ക് ശേഷം ഇടി മിന്നലോടു കൂടിയ മഴ ഇന്ന് മുതൽ മലയോര മേഖലയിൽ ആരംഭിക്കും. വടക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴ ലഭിക്കാൻ സാധ്യത. പകൽ ചൂടും വർധിക്കാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും ഉയർന്ന ചൂട് 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കും. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 2023 ഒക്ടോബർ 08 മുതൽ 12 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
യെല്ലോ അലര്‍ട്ട് വിവരങ്ങള്‍
09-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്
10-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
11-10-2023 : എറണാകുളം, ഇടുക്കി
12-10-2023 : എറണാകുളം, പാലക്കാട്, മലപ്പുറം
ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.