കേരളം
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത; സംസ്ഥാനത്ത് മഴ തുടരും
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂന മര്‍ദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്.
ഇതിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലും കേരളത്തിലും ശക്തമായ മഴയുണ്ടാകും. ഇന്ന് ആറു ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശമുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേയ് 05 മുതല്‍ മേയ് 07 കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.