കേരളം
‘ജവാദ് ‘ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ അതീവ ജാഗ്രത
ബംഗാൾ ഉൾക്കടലിൽ ‘ജവാദ് ‘ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് വടക്കൻ ആന്ധ്രാപ്രദേശ്- ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. 90 കിമീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ ചുഴലിക്കാറ്റ് ഭീഷണിയില്ല.
അതേസമയം കേരളത്തിൽ വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിക്കുന്ന ജവാദ് ശനിയാഴ്ച രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരാത്തെത്താനാണ് സാധ്യത. തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബർ അഞ്ചോടെ ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരാനാണ് സാധ്യത. തുടർന്ന് ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.