കേരളം
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘അസാനി’ ചുഴലിക്കാറ്റായി ഇന്ന് തീരം തൊടും; ജാഗ്രതാ നിർദേശം
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ‘അസാനി’ ചുഴലിക്കാറ്റായി ഇന്ന് തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെ ഫലമായി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെങ്ങും കനത്ത മഴയും ശക്തമായ കാറ്റുമാണ്.
തീരപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ആറിടത്ത് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. ദ്വീപുകൾ തമ്മിലും ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കുമുള്ള കപ്പൽ ഗതാഗതം നാളെ വരെ നിർത്തിവച്ചിരിക്കുകയാണ്. മീൻപിടിത്തക്കാരോടു കടലിൽ ഇറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
ന്യൂനമർദം അസാനി ചുഴലിക്കാറ്റായതിന് ശേഷം വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ബംഗ്ലാദേശ്-മ്യാൻമാർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ന്യൂനമർദത്തിന്റെ ഫലമായി അഞ്ചുദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.