കേരളം
‘അസാനി’ 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റാകും; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടു. ‘അസാനി’ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റാകും. ആന്ധ്ര, ഒഡിഷ തീരത്തു കൂടി നീങ്ങുന്ന ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. പോര്‍ട്ട് ബ്ലെയറിന് 300 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങുമെന്നാണ് കണക്കാക്കുന്നത്.
നിലവിലെ സ്ഥിതിയില്‍ കേരളത്തില്‍ ചുഴലിക്കാറ്റ് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് നിഗമനം. മേയ് 10 രാത്രി വരെ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്നുമാണ് അറിയിപ്പ്. അതേസമയം ഒഡിഷ, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച ശക്തമായ മഴ ലഭിച്ചേക്കുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ടോടെ കനത്ത മഴ പെയ്യുമെന്ന നിഗമനത്തില്‍ ഒഡിഷയിലെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച അഞ്ച് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗാളിലും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആന്ധ്രയിലും കനത്ത മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.