കേരളം
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും സംവിധായകനുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നതിനാൽ വിധി വിജയ് ബാബുവിന് നിര്‍ണായകമാണ്. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.
കോടതി നിർദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നും വിജയ് ബാബു പറയുന്നു. അതേസമയം വിജയ് ബാബുവിൽ നിന്ന് കടുത്ത പീഡനമാണ് നേരിടേണ്ടിവന്നതെന്നായിരുന്നു നടിയുടെ വാദം. ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നി൪ദ്ദേശപ്രകാരമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.
പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെ വിജയ് ബാബുവിനെതിരെ രണ്ടാമതും കേസെടുത്തിരുന്നു. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് സര്‍ക്കാരിന്റെ നീക്കം. ദുബായിൽ തങ്ങിയ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.