കേരളം
സില്‍വര്‍ലൈന്‍: പ്രതിഷേധക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ല; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സാമൂഹികാഘാത പഠനം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.
നിലവില്‍ സര്‍വ്വേ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അതിനാല്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഹര്‍ജികള്‍ തീര്‍പ്പാക്കിയതായും ഹൈക്കോടതി അറിയിച്ചു. ഭാവിയില്‍ ഹര്‍ജിക്കാര്‍ക്ക് സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റു ബുദ്ധിമുട്ടുകള്‍ വല്ലതും ഉണ്ടായാല്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
സില്‍വര്‍ലൈന്റെ സാമൂഹികാഘാത പഠനം തടയണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. വാദത്തിനിടെ, സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഡിപിആറിന് കേന്ദ്ര അനുമതി ഇല്ലെന്നരിക്കെ സാമൂഹികാഘാത പഠനം നടത്തിയത് എന്തിനാണ്?. അതിനായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ ദിവസം ഡിപിആറുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം റെയില്‍വേ മന്ത്രാലയം സമര്‍പ്പിച്ചിരുന്നു. ഡിപിആറുമായി ബന്ധപ്പെട്ട രേഖകളൊന്നും സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ റെയില്‍വേ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഡിപിആറിന് കേന്ദ്രാനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തുഗുണമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചത്. എന്തിന് വേണ്ടിയാണ് ഇത്രയധികം പണം ചെലവഴിച്ചത്? ഇതയധികം പണം ചെലവഴിച്ചിട്ടും പദ്ധതി എവിടെ എത്തി നില്‍ക്കുന്നു? . കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്‍ താല്‍പര്യം ഇല്ലെന്നറിയിച്ചിട്ടും ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.
പദ്ധതിയുടെ പേരില്‍ നാടകം കളിക്കുകയാണന്നു കുറ്റപ്പെടുത്തിയ കോടതി, മഞ്ഞക്കല്ലിനെയും പരിഹസിച്ചു. രാവിലെയാകുമ്പോള്‍ മഞ്ഞക്കല്ലുമായി ആരൊക്കെയോ വീടിനുമുന്നില്‍ കയറിവരുമെന്നും ഇതൊക്കെ എന്തിനാണെന്ന് ആര്‍ക്കുമറിയില്ലെന്നും കോടതി പരിഹസിച്ചു.