കേരളം
കടകംപള്ളിയും പ്രശാന്തും വീണ്ടും, നേമം പിടിക്കാന്‍ ശിവന്‍കുട്ടി; ബി സത്യനെ ഒഴിവാക്കി സിപിഎം സാധ്യതാ പട്ടിക
തിരുവനന്തപുരം ജില്ലയില്‍ സിപിഎമ്മിന്റെ സാധ്യതാ സ്ഥാനാര്‍ഥിപട്ടികയായി. ആറ്റിങ്ങല്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ നിലവിലെ എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശുപാര്‍ശ ചെയ്തു.
വാമനപുരത്ത് ഡികെ മുരളിയെയും കാട്ടാക്കടയില്‍ ഐബി സതീഷിനെയും വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. നെയ്യാറ്റിന്‍കരയില്‍ കെ ആന്‍സലന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി. സികെ ശശീന്ദ്രന്‍ പാറശ്ശാലയില്‍ വീണ്ടും മത്സരിക്കും.
നേമം മണ്ഡലം തിരിച്ചുപിടിക്കാന്‍ വി ശിവന്‍കുട്ടിയെത്തന്നെ നിയോഗിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തും വീണ്ടും മത്സരിക്കും. വര്‍ക്കലയില്‍ വി ജോയിയുടെ പേരാണ് പട്ടികയില്‍.
അരുവിക്കരയില്‍ വികെ മധു, കെ എസ് സുനില്‍ കുമാര്‍, ജെഎസ് ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്.
ആറ്റിങ്ങലില്‍ രണ്ടു തവണ ജയിച്ച ബി സത്യനു പകരം എ വിനിഷ്, അംബിക എന്നിവരുടെ പേരുകള്‍ പട്ടികയില്‍ ഇടംപിടിച്ചു.