കേരളം
തൃക്കാക്കരയിൽ തോല്‍വി സമ്മതിച്ച് സിപിഎം; തോറ്റത് ക്യാപ്റ്റനല്ലെന്ന് ജില്ലാ സെക്രട്ടറി
തൃക്കാക്കര ഉപതെരഞ്ഞടെുപ്പിന്റെ വോട്ടണ്ണല്‍ നാല് റൗണ്ട് പിന്നിടുകയും ഉമതോമസിന്റെ ലീഡ് പതിനായിരം കടക്കുകയും ചെയ്തതോടെ പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന് രംഗത്ത്. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തൃക്കാക്കരയില്‍ തോല്‍ക്കുന്നത് ക്യാപ്റ്റനല്ല, ജില്ലാ കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്നും സി.എന്‍.മോഹനന് ന്യായീകരിച്ചു.
പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത്. ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ല. ഉപതെരഞ്ഞെടുപ്പില്‍ ഇത്തരമൊരുഫലം പ്രതീക്ഷിച്ചിരുന്നില്ല ഉമ തോമസിന്റെ ഭൂരിപക്ഷം ഇത്രയും വരുമെന്ന് കരുതിയില്ലെന്നും പോരായ്മകള്‍ പരിശോധിക്കുമെന്നും മോഹനന് പറഞ്ഞു
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറുകയാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പിടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെയാണ് വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉമയുടെ കുതിപ്പ്. 2021 ല്‍ പിടിയുടെ ലീഡ് 9000 കടന്നത് ഒന്‍പതാം റൗണ്ടിലാണ്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.
പിടി തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എ.എന്‍.രാധാകൃഷ്ണന് (എന്‍ഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തില്‍ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാല്‍ ഫലം എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്.