കേരളം
‘മരിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ പേരിനെയും ഓർമ്മകളെയും ഭയക്കുന്ന ഭീരുക്കളാണ് സിപിഐഎം’; കെ സുധാകരൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സർക്കാരിന്റെ കെടുകാര്യസ്ഥത വിലയിരുത്തപ്പെടുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. ഇടതുപക്ഷത്തിനെതിരായ പൊതുയുദ്ധമായി തെരഞ്ഞെടുപ്പ് മാറരുതെന്ന് സിപിഐഎം ശഠിക്കുന്നു. പുതുപ്പള്ളി വിഷയത്തിൽ മാത്രമായി തെരഞ്ഞെടുപ്പിനെ ഒതുക്കി നിർത്താനുള്ള സിപിഐഎം തന്ത്രം കോൺഗ്രസ് പൊളിക്കുമെന്നും കെ സുധാകരൻ.
കോൺഗ്രസിന് അനുകൂലമായി തീരുമാനമെടുക്കുന്ന വലിയ പ്രസ്ഥാനമാണ് എൻഎസ്എസ്. സിപിഐഎമ്മിന് എൻഎസ്എസിൻ്റെ വോട്ട് വോട്ട് ലഭിക്കില്ലെന്ന് അവർക്ക് തന്നെ അറിയാം. പാർട്ടി തന്നെ ഇത് വെട്ടിത്തുറന്ന് പറഞ്ഞു കഴിഞ്ഞു. ഉറച്ച നിലപാടുള്ള എൻഎസ്എസ് സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിൽ വീഴില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
വൈകാരികത വിറ്റ് വോട്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസിന് വലിയ വിടവാണ് ഉണ്ടാക്കിയത്. ആ വിടവിനെക്കുറിച്ച് ഇനിയുള്ള കാലങ്ങളിൽ കോൺഗ്രസ് പറഞ്ഞുകൊണ്ടേയിരിക്കും. ഉമ്മൻചാണ്ടിയുടെ കഥ പറഞ്ഞാൽ സിപിഐഎമ്മിന് എന്തിനാണ് വേവലാതിയെന്നും സുധാകരൻ ചോദിച്ചു. മരിച്ചിട്ടും ഉമ്മൻചാണ്ടിയുടെ പേരിനെയും ഓർമ്മകളെയും ഭയപ്പെടുന്ന ഭീരുക്കളാണ് കേരളത്തിലെ ഇടതുപക്ഷമെന്നും സുധാകരൻ കുറ്റപ്പെട്ടുത്തി.