ആരോഗ്യം
കോവിഡ് വാക്സിന് മൂന്ന് പാർശ്വഫലം കൂടി; പ്രതിരോധശേഷി നേടുന്നതിന്റെ ലക്ഷണം
ഇന്ത്യയിൽ ഉൾപ്പടെ ലോകത്തെമ്പാടും കോവിഡ് വാക്സിനേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്ത് 283 മില്യൺ വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞു. വാക്സിൻ നൽകൽ അതിവേഗത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
വാക്സിനെടുത്തവരിൽ പൊതുവേ ചില പാർശ്വഫലങ്ങൾ കാണാറുണ്ട്. ഇത്തരം പാർശ്വഫലങ്ങൾ വെെകാതെ തന്നെ മാറാറുമുണ്ട്. വാക്സിൻ ശരീരത്തിൽ പ്രവർത്തിക്കുന്നുവെന്നതിന്റെ ലക്ഷണമാണ് ഈ ചെറിയ പാർശ്വഫലങ്ങൾ എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
കുത്തിവയ്പ്പെടുത്ത ഭാഗത്ത് വേദന, നീർക്കെട്ട്, തലവേദന, പനി, ക്ഷീണം, കുളിര് എന്നിവയൊക്കെയാണ് പൊതുവേ കാണുന്ന പാർശ്വഫലങ്ങൾ. കൂടുതലും വാക്സിന്റെ രണ്ടാം ഡോസിലാണ് ഇവ കൂടുതലും കാണുന്നത്. ഈ കൂട്ടത്തിലേക്ക് മൂന്ന് പാർശ്വഫലങ്ങൾ കൂടി ഇപ്പോൾ ചേർത്തിരിക്കുകയാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഥവ സി.ഡി.സി.
ചർമത്തിൽ തിണർപ്പ് (റാഷസ്), പേശീവേദന, ഛർദി എന്നിവയാണ് ഇപ്പോൾ സി.ഡി.സി. പുതുതായി ചേർത്തിരിക്കുന്ന മൂന്ന് പാർശ്വഫലങ്ങൾ. എന്നാൽ കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ വേദനയെ പേശീവേദനയായി തെറ്റിദ്ധരിക്കരുതെന്നും സി.ഡി.സി. പറയുന്നുണ്ട്.
എന്നാൽ പാർശ്വഫലങ്ങൾ കാണുന്നുവെന്ന് കരുതി ആരും വാക്സിൻ എടുക്കാതിരിക്കരുത്. ശരീരത്തിൽ വാക്സിൻ പ്രവർത്തിച്ച് പ്രതിരോധശേഷി ശരീരത്തിൽ ഉണ്ടാകുന്നുവെന്നതിന്റെ തെളിവാണ് വാക്സിനെടുത്ത ശേഷം ഉണ്ടാകുന്ന ഇത്തരം ചെറിയ പാർശ്വഫലങ്ങളും. എന്നാൽ പാർശ്വഫലങ്ങൾ മാറാതെ തുടരുകയാണെങ്കിൽ ഡോക്ടറെ കാണണം എന്നും സി.ഡി.സി. പറയുന്നു.