കേരളം
18 വയസ്സ് കഴിഞ്ഞവർക്ക് കൊവിഡ് വാക്സിൻ മെയ് ഒന്നുമുതൽ
18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അൽപസമയം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിർന്ന ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് നിർണായക പ്രഖ്യാപനം.
ആദ്യഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കാണ് വാക്സിൻ നൽകിയത്. പിന്നീട് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകിയിരുന്നു.
എന്നാൽ കോടിക്കണക്കിന് ജനങ്ങൾക്ക് ആവശ്യമായത്രയും വാക്സിൻ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയായി അവശേഷിക്കുന്നു. 45 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ പോലും വാക്സിൻ ക്ഷാമം കാരണം നിലവിൽ തടസപ്പെടുന്ന അവസ്ഥയാണ്.
അതേസമയം വാക്സിനേഷൻ വിപുലപ്പെടുത്തപ്പോൾ വാക്സിൻ നയത്തിൽ കേന്ദ്രം നിർണായകമായ മാറ്റം വരുത്തിയേക്കും എന്നാൽ ദില്ലിയിൽ നിന്നുള്ള സൂചന. ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയ എല്ലാ വാക്സിനുകൾക്കും അപേക്ഷ നൽകി മൂന്ന് ദിവസം കൊണ്ട് അനുമതി നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ തന്നെ റഷ്യയുടെ സ്പുടിനക് വി വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അടുത്ത ഘട്ടത്തിൽ ഈ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കും.
കൊവിഷിൽഡ് വാക്സിനാണ് ഇതുവരെ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചത്. കൊവാക്സിനും നിരവധി ആളുകൾ ്സ്വീകരിച്ചു. മെയ് മുതൽ സ്പുടിനിക് വാക്സിനും ലഭ്യമാവും. ജനസംഖ്യയുടെ രണ്ട് ശതമാനം പോലും ഇതുവരെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് അനൌദ്യോഗിക കണക്ക്. ഈ സാഹചര്യത്തിൽ പൊതുവിപണിയിലും സ്വകാര്യ വിപണിയിലും കൊവിഡ് വാക്സിൻ ലഭ്യമാക്കി കൊണ്ട് വാക്സിൻ ലഭ്യതയും വിതരണവും ലളിതമാക്കാനാവും കേന്ദ്രത്തിന്റെ നീക്കം. ഫൈസർ, ജോണ്സണ്ർ ആൻഡ് ജോണ്സണ് അടക്കം ആഗോള ബ്രാൻഡുകളുടെ വാക്സിൻ വരും മാസങ്ങളിൽ തന്നെ ഇന്ത്യയിൽ എത്താനാണ് സാധ്യത.
വിദേശ കമ്പനികളുമായി ഇന്ത്യൻ കമ്പനികളെ സഹകരിപ്പിച്ചു കൊണ്ട് വൻതോതിൽ വാക്സിൻ ഉത്പാദിപ്പിക്കാനാണ് കേന്ദ്രസർക്കാരിൻ്റെ ശ്രമം. ഇന്ത്യയുടെ ആവശ്യത്തിനുള്ള വാക്സിൻ കൂടാതെ ആഗോളവിപണി ലക്ഷ്യമിട്ട് കൊണ്ട് ഒരു വാക്സിൻ ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള സാഹചര്യമാണ് ഇനിയൊരുങ്ങുന്നത്.