ദേശീയം
കൊറോണ രോഗികളിൽ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലും; രാജ്യത്തെ രോഗമുക്തി നിരക്ക് 97 ശതമാനമെന്ന് ആരോഗ്യ മന്ത്രാലയം
രാജ്യത്ത് നിലവിലുള്ള കൊറോണ ബാധിതരിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളിൽ പുതുതായി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. 251 ജില്ലകളിൽ കൊറോണ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് രേഖപ്പെടുത്തുന്ന മരണ നിരക്കിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വാക്സിൻ വിതരണത്തിനായി രാജ്യത്തുടനീളം 5912 സർക്കാർ ആശുപത്രികളും 1239 സ്വകാര്യ സ്ഥാപനങ്ങളും വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇതുവരെയായി 45.93 ലക്ഷം പേർക്കാണ് വാക്സിൻ വിതരണം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കൊറോണ രോഗ മുക്തി നിരക്ക് 97 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്ക് 5.42 ശതമാനമായി കുറഞ്ഞു.
രാജ്യത്തെ കൊറോണ പ്രതിരോധം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും രാജേഷ് ഭൂഷൻ പറഞ്ഞു.