കേരളം
പൊതുപരിപാടികള്‍ക്കും മതപരിപാടികള്‍ക്കും നിരോധനം; കോഴിക്കോട് കടുത്ത നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് കോവിഡ് വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലായതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വിധത്തിലുള്ള പൊതുപരിപാടികളും നിരോധിച്ചത്. മതപരമായ പരിപാടികള്‍ക്കും ഇത് ബാധകമാണ്.
എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താവൂ.ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരല്‍ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവികളെ ചുമതലപ്പെടുത്തി.
ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഇതിനായി സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്താന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ ആളുകളുമായുള്ള ബസ് യാത്ര അനുവദനീയമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്ന സാഹചര്യത്തില്‍ കൊറോണ വ്യാപനം തടയാന്‍ ഏവരും സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,043 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 1,990 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 22 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 26 പേര്‍ക്കും 5 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,355 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 513 പേര് കൂടി രോഗമുക്തി നേടി. 32.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12,022 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1,584 പേര് ഉള്‍പ്പടെ 23,887 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,09,271 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. 4,580 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.