കേരളം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്, 300ലേറെ സര്‍വീസുകള്‍ റദ്ദാക്കി
ജീവനക്കാര്‍ക്ക് ഇടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തൊട്ടാകെ 300ലധികം സര്‍വീസുകള്‍ റദ്ദാക്കി. ജീവനക്കാര്‍ക്ക് ഇടയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ, ദൈനംദിന സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ ബുദ്ധിമുട്ടുകയാണ് കെഎസ്ആര്‍ടിസി.
കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന തിരുവനന്തപുരത്ത് മാത്രം 80 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ടക്ടര്‍മാരിലാണ് കൂടുതലായി രോഗം കണ്ടുവരുന്നത്. സിറ്റി ഡിപ്പോയില്‍ മാത്രം 25 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. ചീഫ് ഓഫീസിലും വ്യാപനമുണ്ട്.
എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. വരുംദിവസങ്ങളില്‍ സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തുന്നതിന് കൂടുതല്‍ ജീവനക്കാരെ എത്തിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. കൂടുതല്‍ ജീവനക്കാര്‍ എത്തുന്നതോടെ പ്രതിസന്ധിയില്ലാതെ സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രതീക്ഷ പ്രകടിപ്പിച്ചു.