കേരളം
രോഗ വ്യാപനം ഉയരുന്നു; ഗുരുവായൂര്‍ ക്ഷേത്രത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗുരുവായൂര്‍ നഗരസഭയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനമായതിനെ തുടര്‍ന്നാണ് നിയന്ത്രണം. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാരെയും നാട്ടുകാരെയും ക്ഷേത്രദര്‍ശനത്തിന് അനുവദിക്കില്ല. പുതിയ വിവാഹ ബുക്കിങ്ങും അനുവദിക്കില്ല. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിവാഹം നടത്താന്‍ അനുമതി നല്‍കും.
ഒന്നര മാസത്തെ അടച്ചു പൂട്ടലിന് ശേഷം രണ്ടാഴ്ച മുൻപാണ് ക്ഷേത്രം തുറന്നത്. പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴിയാണ് അനുവദിച്ചിരുന്നത്. 300 പേര്‍ക്കായിരുന്നു ഒരു ദിവസം വെര്‍ച്വല്‍ ക്യൂ വഴി ക്ഷത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. അതും ഒരു സമയം 15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശനം. ക്ഷേത്രത്തിൽ വിവാഹങ്ങൾക്കും അനുമതി നൽകിയിരുന്നു. അതേസമയം കഴിഞ്ഞ ബുധനാഴ്ച ക്ഷേത്രസന്നിധിയിൽ 45 കല്യാണങ്ങൾ നടന്നു.
കോവിഡ് രണ്ടാം വ്യാപന നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ ശേഷം ഏറ്റവും കൂടുതൽ വിവാഹം നടന്നത് ബുധനാഴ്ചയാണ്. രാവിലെ അഞ്ച് മുതല്‍ ഉച്ചക്ക് 12 വരെയായിരുന്നു കല്യാണച്ചടങ്ങുകള്‍. ഓരോ കല്യാണ സംഘത്തിനുമൊപ്പം പത്തു പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. അടുത്ത ഞായറാഴ്ചയിലേക്ക് 35 കല്യാണങ്ങള്‍ ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ട്. ചോറൂണ്‍ വിഭവങ്ങളുടെ കിറ്റ് നല്‍കും ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കുട്ടികളുടെ ചോറൂണിനുള്ള വിഭവങ്ങള്‍ പ്രത്യേക കിറ്റില്‍ നല്‍കാന്‍ ദേവസ്വം തീരുമാനിച്ചു.
ലോക്ഡൗണിൻെറ സാഹചര്യത്തില്‍ ചോറൂണ്‍ വഴിപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിഭവങ്ങള്‍ കിറ്റില്‍ നല്‍കുന്നത്. 100 രൂപക്ക് ചോറൂണ്‍ ശീട്ടാക്കുമ്പോള്‍ നിവേദ്യ ചോറ്, വെണ്ണ, കദളിപ്പഴം, പഞ്ചസാര, നെയ്പായസം, ചന്ദനം എന്നീ വിഭവങ്ങള്‍ പ്രത്യേക പാത്രത്തില്‍ നല്‍കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഇല്ലാത്തതിനാല്‍ ഒന്നര വര്‍ഷത്തോളമായി ചോറൂണ്‍ വഴിപാട് നടക്കുന്നില്ല.