കേരളം
കോവിഡ് പോസിറ്റീവ് ആയ സർക്കാർ ജീവനക്കാർക്ക് ഏഴാം ദിവസം ജോലിയ്ക്ക് കയറാം; മാനദണ്ഡങ്ങളിൽ വീണ്ടും മാറ്റം
സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളിൽ വീണ്ടും മാറ്റം വരുത്തി ദുരന്ത നിവാരണ വകുപ്പ്. കോവിഡ് പോസിറ്റീവ് ആയ സർക്കാർ ജീവനക്കാർക്ക് വേണ്ടിയാണ് മാനദണ്ഡങ്ങൾ മാറ്റിയത്. പോസിറ്റീവ് ആയ സർക്കാർ ഉദ്യോഗസ്ഥർ ഏഴ് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പരിശോധിക്കാതെ തന്നെ ജോലിയ്ക്ക് പ്രവേശിക്കാമെന്നാണ് ഉത്തരവ്.
മറ്റ് രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവ ഉള്ളവർ ഏഴ് ദിവസത്തിന് ശേഷം പരിശോധിക്കണം. പോസിറ്റീവ് ആയാൽ ചികിത്സ തുടരണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. കോവിഡ് പോസിറ്റീവായ സർക്കാർ ജീവനക്കാർക്ക് ഏഴാം ദിവസം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകാം എന്നായിരുന്നു മുൻ ഉത്തരവ്.
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വറന്റീൻ സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏഴു ദിവസമാക്കി ചുരുക്കി. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികൾ ഉൾപ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകണമെന്നും മുൻ ഉത്തരവിൽ പറയുന്നു. ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കാഷ്വൽ അവധി അനുവദിക്കും.