Covid 19
വെന്റിലേറ്റർ കിട്ടാതെ കേരളത്തിൽ ആദ്യ മരണം : സ്ഥിരീകരിച്ചു ഡോക്ടർ
മലപ്പുറം വളാഞ്ചേരിയിലെ കൊവിഡ് രോഗി മരിച്ചത് വെന്റിലേറ്റർ സൗകര്യം കിട്ടാതെ വന്നതോടെ ആണെന്ന് ബന്ധുക്കളുടെ വാദം അംഗീകരിച്ചു ഡോക്ടർ. വെന്റിലേറ്റർ സൗകര്യം കിട്ടാത്തത് മരണകാരണമായെന്ന് വളാഞ്ചേരി ആശുപത്രിയിലെ ഡോക്ടർ മുജീബ് റഹ്മാന്റെ വ്യക്തമാക്കി.
രോഗിയുടെ നില ഗുരുതരം ആയിരുന്നു എന്നും ഉടൻ തന്നെ സൗകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണം എന്നും ജില്ലാ കൺട്രോൾ റൂമിൽ അറിയിച്ചിരുന്നതായി ഡോക്ടർ മുജീബ് റഹ്മാൻ വ്യക്തമാക്കി. വെന്റിലേറ്റർ സഹായം ലഭ്യമാകാതെ വന്നതോടെ ആണ് മരണം സംഭവിച്ചത് എന്നും ഡോക്ടർ വ്യക്തമാക്കി. നേരത്തെ വെന്റിലേറ്ററുകൾ ഒഴിവുണ്ടെങ്കിൽ അറിയിക്കണം എന്നാവശ്യപ്പെട്ടു ബന്ധുക്കൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ സഹായം അഭ്യർത്ഥിച്ചിരുന്നു.
മലപ്പുറത്ത് വെൻ്റിലേറ്റർ കിട്ടാതെ കൊവിഡ് രോഗി മരിച്ചതായി പരാതി. മലപ്പുറം പുറത്തൂർ സ്വദേശി ഫാത്തിമയാണ് ആണ് മരിച്ചത്. 63 വയസായിരുന്നു. കൊവിഡ് ബാധിച്ച് മേയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാത്തിമയെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടർ നിർദ്ദേശിച്ചുവെങ്കിലും സാധിച്ചില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
മൂന്ന് ദിവസം എല്ലായിടത്തും അന്വേഷിച്ചിട്ടും വെൻ്റിലേറ്റർ കിട്ടിയില്ല. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ പലയിടത്തും അന്വേഷിച്ച് കിട്ടിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.