കേരളം
കൊവിഡ് വാർഡ് കതിര്‍മണ്ഡപമാക്കി ശരത്തും അഭിരാമിയും
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡിനേ വിവാഹ വേദിയാക്കി ശരത്തും അഭിരാമിയും. കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൈനകരി സ്വദേശി ശരത്തും തെക്കന്‍ ആര്യാട് സ്വദേശിനി അഭിരാമിയുമാണ് വിവാഹിതരായത്.
നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താനുള്ള ഇരു കുടുംബങ്ങളുടെയും ആഗ്രഹത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി വിവാഹ വേദിയായത്.
കൈനകരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുപ്പപ്പുറം ഓണംപള്ളി വീട്ടിൽ എൻ.ശശിധരൻ – ജിജി ശശിധരൻ ദമ്പതികളുടെ മകൻ എസ്.ശരത് മോനും, ആലപ്പുഴ വടക്കനാര്യാട് പ്ലാം പറമ്പിൽ പി. എസ്.സുജി-കുസുമം സുജി ദമ്പതികളുടെ മകൾ അഭിരാമി ( ശ്രീക്കുട്ടി) യും തമ്മിലുള്ള വിവാഹമാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ ഞായറാഴ്ച 12-00,12-20 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടന്നത്.
ചടങ്ങിനായി വധുവും അടുത്ത ബന്ധുവും മാത്രമാണ് ആശുപത്രിയിലെത്തിയത്. ഇരുവരും പി.പി.ഇ കിറ്റ് ധരിച്ച് അകത്തേക്കെത്തി. പ്രവാസിയായ ശരത്തിന് വിവാഹ ഒരുക്കങ്ങള്‍ക്കിടെയാണ് രോഗം സ്ഥിരീകരിച്ചത്. ശരത്തിന്റെ അമ്മ ജിജിയും ഇതേ വാര്‍ഡില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു.
കൊവിഡ് ബാധിതനായ വരൻ ശരത്ത്, മാതാവ് ജിജി, പി.പി. കിറ്റ് ധരിച്ചു വധു അഭിരാമി, അഭിരാമിയുടെ മാതൃസഹോദരീ ഭർത്താവ് മഹേഷ്, ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അജയൻ, ഡ്യൂട്ടി ഡോക്ടർ ഹരിഷ്, ഹെഡ് നേഴ്സ് സീനമോൾ, സ്റ്റാഫ് നേഴ്സ് ജീന ജോർജ് എന്നിവരും മാത്രമായിരുന്നു വിവാഹം നടന്ന മുറിയിൽ. ചടങ്ങുകൾക്കു ശേഷം വരൻ കൊവിഡ് വാർഡിലേക്കും, വധു വധൂ ഗൃഹത്തിലേക്കും യാത്രയായി.