കേരളം
കോവിഡ് വ്യാപനം; പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റണമെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യം. രോഗം പകരാനുള്ള സാധ്യതകൾ കണക്കിലെടുത്താണ് പരീക്ഷകൾ മാറ്റണമെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും ആവശ്യപ്പെട്ടത്. 28 മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങുന്നത്.
ഒരേ ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പൊതുവായി ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇത്തവണ സ്കൂളുകളിലെത്തി സയന്‍സ് വിഷയങ്ങളില്‍ പ്രായോഗിക പഠനം നടത്താനായിട്ടില്ല. അതിനാല്‍ ഇത്തവണ പ്രായോഗിക പരീക്ഷ അപ്രസക്തമാണെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കുകയെങ്കിലും വേണമെന്നാണ് ഇവരുടെ ആവശ്യം. മൈക്രോസ്കോപ്പ്, കമ്പ്യൂട്ടര്‍ മൗസ്, മറ്റ് ലാബ് ഉപകരണങ്ങള്‍ എന്നിവ പൊതുവായി ഉപയോഗിക്കേണ്ട സാഹചര്യമാണ് മിക്ക സ്കൂളുകളിലും. അണുവിമുക്തി വരുത്തി ഓരോ കുട്ടിക്കും ഈ ഉപകരണങ്ങള്‍ നല്‍കുക പ്രായോഗികമല്ലെന്നും വിദ്യാർത്ഥികളും അധ്യാപകരും പറയുന്നു.
ബയോളജി സയന്‍സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചും, മറ്റ് സയന്‍സ് വിഭാഗത്തിലുള്ളവര്‍ക്ക് നാല് വിഷയങ്ങളിലുമാണ് പ്രായോഗിക പരീക്ഷ. 15 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഓരോ ബാച്ചുകളാണ് ഒരേ സമയം ലാബില്‍ ഉണ്ടാവുക. അധ്യാപകരുടെ നേരിട്ടുള്ള നിരീക്ഷണത്തിലാവും പരീക്ഷ. അധ്യാപകരും വിദ്യാര്‍ത്ഥികളും കൂടുതല്‍ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തേണ്ട സാഹചര്യം ഉണ്ടാകും. ഇതും കൊവിഡ് വ്യാപനത്തിന് കാണമായേക്കാം.