കേരളം
കൊവിഡ് വ്യാപനം; മലപ്പുറം ഇന്ന് പൂർണമായി അടച്ചിടും

അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. ചരക്ക് ഗതാഗതത്തിന് തടസമില്ല. നിലവിൽ ട്രിപ്പിള്‍ ലോക് ഡൗണ്‍ തുടരുന്ന കേരളത്തിലെ ഏക ജില്ല മലപ്പുറമാണ്. അതിനിടയിലാണ് ജില്ല ഇന്ന് പൂര്‍ണമായും അടച്ചിടാന്‍ തീരുമാനമായത്.
അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കും പാല്‍, പത്രം, പെട്രോള്‍ പമ്പ് എന്നിവക്ക് മാത്രമാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ അനുമതി.ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താനും അനുമതിയുണ്ട്. ചരക്കു ഗതാഗതത്തിന് തടസം ഉണ്ടാകില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്താണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നതിന്റെ ഭാഗമായി കൂടുതല്‍ പൊലീസുകാരെ നിയോഗിക്കുമെന്നും ഇന്നും നാളെയുമായി 75000 കൊവിഡ് പരിശോധനകള്‍ നടത്തുമെന്നും ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
29.94 ശതമാനമാണ് ജില്ലയിലെ ഇന്നലെത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. ഇപ്പോഴും അരലക്ഷത്തോളം ആളുകളാണ് ജില്ലയില്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.