കേരളം
കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷിക്കാം
കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ വെബ്സൈറ്റ് സജ്ജമായതായി ലാന്റ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു. relief.kerala.gov.in എന്നാണ് വെബ്സൈറ്റ് വിലാസം.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, (ICMR നല്‍കിയത്), Death Declaration Document (DDD), അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ ആയതിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് പൊതുജനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അതേ സമയം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും പുതുതായി ആയിരത്തിലധികം രോഗികള്‍ ഇല്ല. എറണാകുളത്താണ് ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ പുതുതായി 867 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് മറ്റു ജില്ലകളിലെ രോഗബാധ. കേരളത്തില്‍ ഇന്ന് 5297 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,802 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,62,274 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5528 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.