കേരളം
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ്
ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചത്.
വുഹാനിൽ നിന്ന് ഇന്ത്യയിലെത്തിയ ഈ പെൺകുട്ടിക്കായിരുന്നു രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഭേദമായ ശേഷം വീട്ടിലായിരുന്ന പെൺകുട്ടിക്ക് ഒന്നരവർഷത്തിന് ശേഷമാണ് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്. പെൺകുട്ടി വാക്സിനേഷൻ എടുത്തിരുന്നില്ല.
ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. ഇവർക്ക് ഇതുവരെയും രോഗലക്ഷണങ്ങളൊന്നുമില്ല. ആരോഗ്യനിലയിൽ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് തൃശൂർ ഡിഎംഒ ഡോ.കെ.ജെ.റീന അറിയിച്ചു.