കേരളം
മെഡി.കോളജ് ആശുപത്രി രേഖകള്‍ നൽകുന്നില്ല; കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനാകുന്നില്ലെന്ന് പരാതി
കോഴിക്കോട് കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള രേഖകള്‍ നല്‍കുന്നത് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായി വ്യാപക പരാതി. അപേക്ഷ നല്കി രണ്ടുമാസം കഴിഞ്ഞിട്ടും പലര്‍ക്കും രേഖകള്‍ നല്കാന് അധികൃതര്‍ തയാറായിട്ടില്ല. വ്യക്തമായ കാരണം പറയാതെ ‘വരും അപ്പോള്‍ അറിയിക്കാം, എന്നിട്ട് വന്ന് വാങ്ങിക്കോളൂ’ എന്നൊക്കെയാണ് മറുപടി നൽകുന്നത്. സര്‍ക്കാറിെന്റ സാമ്പത്തിക ആനുകൂല്യത്തിനായി അപേക്ഷിക്കണമെങ്കില്‍ ഐ.സി.എം.ആറിെന്റ കോവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിഡ് മരണമാണെന്നു തെളിയിക്കുന്ന ആശുപത്രി രേഖ അപേക്ഷയോടൊപ്പം വേണം.
ഈ രേഖയാണ് മെഡിക്കല്‍ കോളജില്‍നിന്ന് കിട്ടാത്തത്. മാസങ്ങളായി പലരും ആശുപത്രി കയറിയിറങ്ങുകയാണ്. കോവിഡ് ബാധിച്ച് മരിച്ച മാറാട് സ്വദേശി സതീഷിെന്റ കുടുംബമുള്പ്പെടെയുള്ളവരാണ് ഇപ്പോള്‍ പരാതിയുമായി മുന്നോട്ടുവന്നത്. കൂലിപ്പണിക്കാരനായ സതീഷിെന്റ വരുമാനം കൊണ്ട് മാത്രം ജീവിച്ചിരുന്ന ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബം എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരാണ്. രേഖകള്‍ക്കായി അപേക്ഷിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു.
കോവിഡ് പോസിറ്റിവായി ബീച്ച് ആശുപത്രിയില്‍ ഐ.സി.യുവിലായിരുന്ന സതീഷിനെ ജൂെെല 22നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ 27ന് അദ്ദേഹം മരിച്ചു. പിന്നീട്, ആഗസ്റ്റ് മൂന്നിന് മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ബന്ധുക്കള്‍ മെഡിക്കല്‍ കോളജില്‍ പോവുകയും അതോടൊപ്പം കോവിഡ് മരണമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും നല്കി. ദിവസങ്ങള്‍ക്ക് ശേഷം ബന്ധുക്കളെത്തി അന്വേഷിച്ചപ്പോള്‍ ഡി.എം.ഒ ഒാഫിസിലേക്ക് ഫയലുകള്‍ അയച്ചെന്നും അവിടെനിന്ന് തിരികെ വന്നാലേ സര്‍ട്ടിഫിക്കറ്റ് തരാന്‍ സാധിക്കൂ എന്നുമാണ് പറഞ്ഞത്. രണ്ടുമാസം കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാത്തതിനാല്‍ കഴിഞ്ഞദിവസം വീണ്ടും ബന്ധുക്കള്‍ ആശുപത്രിയില്‍ നേരിട്ടെത്തി. എന്നാല്‍,വൈകുന്നതിെന്റ യഥാര്‍ഥ കാരണം പറയാതെ അധികൃതര്‍ െെകമലര്ത്തി.
തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെ നേരില്‍ കണ്ടു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതെന്നും കൂടുതല്‍ വിവരം അറിയണമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് റെക്കോഡ് റൂമില്‍ ചെന്ന് അന്വേഷിക്കാനും സൂപ്രണ്ട് ഇവരോട് പറഞ്ഞു. സതീഷ് മരിക്കുന്നതിന് തലേദിവസം കോവിഡ് നെഗറ്റിവായിരുന്നു എന്നാണ് റെക്കോഡ് റൂമിലെ ജീവനക്കാര്‍ മറുപടി കൊടുത്തത്. ഈ കാരണത്താല്‍ രേഖകള്‍ തരുമോ ഇല്ലയോയെന്ന് വ്യക്തമായി പറഞ്ഞതുമില്ല. വാര്‍ത്തയുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുക്കാന്‍ തയാറായില്ലെന്നാണ് ആരോപണം. സമാനമായ സംഭവത്തില്‍ മലപ്പുറം സ്വദേശി യൂസുഫ് പുലിക്കുന്നില്‍ എന്ന വ്യക്തി മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു.