കേരളം
സംസ്ഥാനത്ത് ആശുപത്രികളിൽ ചികിത്സാ പ്രതിസന്ധി, കിടക്കകൾ നിറഞ്ഞു
സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. അഞ്ച് മണിക്ക് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും ഓൺലൈനായി പങ്കെടുക്കും. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.
വ്യാഴാഴ്ച മുതൽ ജില്ലകളെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് മൂന്നു കാറ്റഗറികളെ വേർതിരിക്കുന്നത്. ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചാണ് പുതിയ രീതി നടപ്പാക്കിയിത്. എ കാറ്റഗറിയിൽ വിവാഹങ്ങൾക്കും പൊതുചടങ്ങുകൾക്കും അമ്പത് പേർക്കും ബി കാറ്റഗറിയിൽ 20പേർക്കും പങ്കെടുക്കാം. ഇവിടെ വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും സിനിമാ തീയേറ്ററുകളിലും സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കാൻ അനുമതിയുണ്ട്.
എന്നാൽ സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ സിനിമാ തീയേറ്ററുകൾ ഉൾപ്പെടെ അടച്ചിട്ടുള്ള കർശന നിയന്ത്രണങ്ങളാണ് ഉള്ളത്.ഇന്നത്തെ യോഗത്തിൽ കൂടുതൽ ജില്ലകളെ ബി, സി കാറ്റഗറിയിലേയ്ക്ക് ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്. അടുത്ത ഞായറാഴ്ചയും ലോക്ഡൗൺ ഏർപ്പെടുത്താനാണ് നിലവിലെ തീരുമാനം. ഇന്നത്തെ രോഗവ്യാപനത്തിന്റെ അവസ്ഥ കൂടി കണക്കിലെടുത്താവും തീരുമാനങ്ങൾ എടുക്കുക. ആശുപത്രികളിലെ കിടക്കകളുടെയും ഓക്സിജന്റെയും നിലവിലെ ലഭ്യതയും ഇന്ന് പരിശോധിക്കും.
അമ്പത് ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണമെന്ന് സ്വകാര്യ ആശുപത്രികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം പല ജില്ലകളിലെയും ആശുപത്രികളിൽ ചികിത്സാ പ്രതിസന്ധി നേരിടുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി രോഗികളെക്കൊണ്ട് നിറഞ്ഞു. ആകെയുള്ള 25ഐസിയു ബെഡുകളും നിറഞ്ഞിരിക്കുകയാണ്. ആലപ്പുഴയിലും കോഴിക്കോടും സമാനമായ സാഹചര്യമാണ്. വിരലിലെണ്ണാവുന്ന കിടക്കകൾ മാത്രമാണ് ആശുപത്രിയിൽ ഇനി ബാക്കിയുള്ളത്. ആരോഗ്യപ്രവർത്തകരിലും രോഗം വ്യാപിക്കുന്നതും കടുത്ത തിരിച്ചടിയാവുകയാണ്.