ആരോഗ്യം
രാജ്യത്ത് കൊവിഡ് ബാധ ശക്തമായി തുടരുന്നു; 24 മണിക്കൂറിനിടെ 24,492 പേർക്ക് രോഗബാധ
രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകൾ 20,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 പോസിറ്റീവ് കേസുകളും 131 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പൊതുപരിപാടികളിൽ ഉള്ള ആൾക്കൂട്ടം ഒഴിവാക്കാനും, നിർബന്ധമായും മാസ്ക് ധരിക്കാനും സർക്കാർ നിർദേശിച്ചു. പൊതുപരിപാടികളിൽ 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ എന്ന് സർക്കാർ വ്യക്തമാക്കി.
ഇതുവരെ 1.14 കോടി കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1.10 കോടി പേര്‍ രോഗമുക്തരായി. നിലവില്‍ 2.23 ലക്ഷം പേര്‍ രാജ്യത്ത് രോഗബാധിതരായുണ്ട്. 1,58,856 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി രാജ്യത്ത് മരിച്ചത്. 3.29 കോടി പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.
രാജ്യത്തെ കോവിഡ് കേസുകളില്‍ 85 ശതമാനവും അഞ്ച്-ആറ് സംസ്ഥാനങ്ങളിലാണ്. രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കാരണം ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞിരുന്നു
അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ക്ക് വീഡിയോ കോൺഫറൻസ് മുഖേനയാണ് കൂടിക്കാഴ്ച. കൊവിഡ് രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളുടെ സാഹചര്യം യോഗത്തിൽ പ്രത്യേകം വിലയിരുത്തും.