കേരളം
സാധാരണക്കാര്‍ക്കെതിരായ കൊവിഡ് കേസുകള്‍ പിന്‍വലിക്കണം:മുല്ലപ്പള്ളി
കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം നടത്തിയ മുഖ്യമന്ത്രി കോവിഡ് നിയന്ത്രങ്ങളുടെ പേരില്‍ സാധാരണക്കാരുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
കോവിഡ് നിയന്ത്രങ്ങളുടെ പേരില്‍ നൂറുകണക്കിന് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.എന്നാല്‍ ഇതേ നിയമം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബാധകമല്ലെന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. തുല്യനീതി നടപ്പാക്കേണ്ട സര്‍ക്കാര്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്.കോവിഡ് ബാധിതനായ മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ചെന്നാണ് വാര്ത്തികളിലൂടെ പുറത്തുവന്നത്.
സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തി അത് ലംഘിക്കുന്നത് കുറ്റക്കരമായ കൃത്യവിലോപമാണ്.കോവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങിയ മുഖ്യമന്ത്രിക്കൊപ്പം രോഗബാധിതയായ ഭാര്യ സഞ്ചരിച്ചത് പിപിഇ കിറ്റ് ധരിക്കാതെയാണ്.കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള ഇരുവരുടെയും ചിത്രം പ്രമുഖ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആശുപത്രയില്‍ നിന്നും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ ആരോഗ്യ സുരക്ഷാ നിബന്ധനങ്ങള്‍ എല്ലാം ലംഘിച്ച് നിരവധി പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരുമാണ് അവിടെ തടിച്ച് കൂടിയത്.ജനങ്ങളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തിലും ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നിരുന്നു.ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദാലത്തില്‍ പങ്കെടുക്കാനെത്തിയ പാവങ്ങളുടെ പേരില്‍ കേസെടുക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട മന്ത്രിമാരുടെ പേരില്‍ കേസെടുക്കാതിരിക്കുകയും ചെയ്തു.
കോവിഡ് ബാധ മറച്ചുവെച്ചാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തിയതെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം.രോഗബാധ മറച്ചുവെച്ച് മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.