ദേശീയം
കൊവിഡ് വ്യാപനം ; കേരളം അടക്കം 10 സംസ്ഥാനങ്ങളില്‍ ആര്‍-വാല്യു ദേശീയ ശരാശരിക്കും മുകളില്‍
രാജ്യത്തെ കോവിഡ് രോഗ വ്യാപനത്തോത് ( ആര്‍ – വാല്യു) ഉയരുന്നു. കഴിഞ്ഞമാസം ഇത് 0.93 ആയിരുന്നു. ഇപ്പോള്‍ ഇത് 1.01 ആയി ഉയര്‍ന്നു. രോഗവ്യാപനതോത് കൂടുതലായ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. വൈറസിന്റെ വ്യാപനവേഗതയും, വൈറസ് ബാധിതനായ ഒരാളില്‍ നിന്നും എത്ര പേരിലേക്ക് രോഗം പകരുന്നു എന്നുമുള്ള തോത് കണ്ടെത്തുന്നതാണ് ആര്‍ വാല്യു. ഇതനുസരിച്ച് രണ്ടാം തരംഗം തുടരുന്ന രാജ്യത്ത്, എട്ടു സംസ്ഥാനങ്ങളില്‍ ആര്‍- ഫാക്ടര്‍ ഉയര്‍ന്നു നില്‍ക്കുന്നതായാണ് കണ്ടെത്തല്‍.
കേരളം അടക്കം പത്തോളം സംസ്ഥാനങ്ങളില്‍ ആര്‍- വാല്യു ദേശീയ ശരാശരിയായ 1.01 നേക്കാള്‍ മുകളിലാണ്. ആര്‍ വാല്യു- 1.31 ഉള്ള മധ്യപ്രദേശാണ് കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള സംസ്ഥാനം. 1.30 ആര്‍ വാല്യു ഉള്ള ഹിമാചല്‍ പ്രദേശ് തൊട്ടുപിന്നിലുണ്ട്. നാഗാലാന്‍ഡില്‍ 1.09 ആണ് ആര്‍- വാല്യു. പ്രതിദിന രോഗബാധിതര്‍ 20,000 ലേറെയുള്ള കേരളത്തില്‍ ഇത് 1.06 ആണ്. ജമ്മു കശ്മീര്‍, തമിഴ്‌നാട്, മിസോറാം, കര്‍ണാടക, പുതുച്ചേരി തുടങ്ങിയവയാണ് ആര്‍- വാല്യു ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ലക്ഷദ്വീപിലും ആര്‍ വാല്യു ദേശീയശരാശരിയേക്കാള്‍ മുകളിലാണ്.
അതേസമയം മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും രോഗവ്യാപനത്തോത് കുറഞ്ഞു. ഡല്‍ഹിയും മഹാരാഷ്ട്രയും ദേശീയ ശരാശരിക്കൊപ്പമാണ്. അതേസമയം ആര്‍-വാല്യു ഉയരുന്നതുകൊണ്ട് അപകടസാധ്യത കൂടുതലാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആര്‍ വാല്യു കൂടുതലുള്ളതായി കാണിക്കുന്ന മധ്യപ്രദേശില്‍ പ്രതിദിന രോഗികളുടെ എണ്ണം 30 മാത്രമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമോളജി ഡയറക്ടര്‍ ഡോ. മനോജ് മുര്‍ഹേക്കര്‍ പറഞ്ഞു.
ആര്‍ വാല്യു കൂടുന്നുവെന്ന കാരണത്താല്‍ ഒരു സംസ്ഥാനത്തെയോ പ്രദേശത്തെയോ റെഡ് സോണില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു. മാര്‍ച്ചില്‍ രാജ്യത്ത് ആര്‍വാല്യു 1.4 ആയിരുന്നു. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമായിരുന്ന ഘട്ടത്തില്‍ ഇത് 0.7ലേക്ക് താഴ്ന്നിരുന്നു. പ്രദിനി രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ കൂടിയും കുറഞ്ഞുമിരിക്കുകയാണ്. സ്ഥിരമായി ഉയര്‍ച്ച രേഖപ്പെടുത്തിയാല്‍ മാത്രമേ മൂന്നാം തരംഗം ഉണ്ടായോ എന്ന് പറയാനാകൂവെന്ന് വെല്ലൂരിലെ സീനിയര്‍ വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു.