Covid 19
കേരളത്തിലെ രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റാ വൈറസെന്ന് മുഖ്യമന്ത്രി
കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപനതോത് കൂടുതലുള്ള ഡെൽറ്റ വൈറസ് ആണെന്ന് മുഖ്യമന്ത്രി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ വകഭേദങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വകഭേദങ്ങളെ അവ ഉത്ഭവിച്ച രാജ്യത്തിന്റെ പേര് നൽകരുതെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്. അതുകൊണ്ട് വൈറസ് വകഭേദങ്ങൾക്ക് ആൽഫ്, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ പേരുകൾ നൽകിയിട്ടുണ്ട്. കേരളത്തിൽ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വൈറസാണ് കാണപ്പെടുന്നത്.
വാക്സിൻ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാൻ ഡെൽറ്റാ വൈറസിന് കഴിയും. എന്നാൽ രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നെരത്തെ ഒരാളിൽ നിന്ന് മൂന്ന് പേർക്കാണ് രോഗം വ്യാപിച്ചിരുന്നതെങ്കിൽ ഡെൽറ്റാ വൈറസ് രോഗബാധിതന് അഞ്ച് മുതൽ പത്ത് പേർക്ക് വരെ രോഗം പരത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ സംസ്ഥാന സർക്കാരിനു വേണ്ടി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എന്നിവിടങ്ങളിൽ നടത്തിയ വൈറസിന്റെ ജനിതകഘടനാ പഠനത്തിലും നിർണായകമായ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. കേരളത്തിൽ വാക്സീൻ എടുത്തവരിലും കോവിഡ് മുക്തരായവരിലും വീണ്ടും കോവിഡ് ബാധയ്ക്കിടയാക്കുന്നതു തീവ്രവ്യാപന സ്വഭാവമുള്ള വൈറസിന്റെ ഡെൽറ്റ വകഭേദമെന്നായിരുന്നു (ബി.1.617.2) പഠനം.
ഡൽഹിയിൽ 57 ശതമാനം പേരിലും നേരത്തെ രോഗബാധിതരായി ആന്റിബോഡി ശേഷി കൈവരിച്ചവരായിട്ടും ഡെൽറ്റ ഇനം വ്യാപകമായി പടർന്നു. ഡെൽറ്റ ഇനത്തേക്കാൾ കൂടുതൽ മാരകം നേരത്തെ കണ്ടെത്തിയ യുകെ ഇനം വൈറസായിരുന്നുവെന്നും പഠനം പറയുന്നു.