ആരോഗ്യം
പാർശ്വഫലം: ആസ്ട്രസെനക വാക്സിൻ നിർത്തി നെതർലാൻഡ്സും
മാരക പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്ത ആസ്ട്രസെനക കോവിഡ് വാക്സിൻ നിർത്തിവെച്ച് മറ്റൊരു യൂറോപ്യൻ രാജ്യം കൂടി. വിദഗ്ധ പരിശോധന പൂർത്തിയാക്കാനുള്ളതിനാൽ മാർച്ച് 29 വരെ രാജ്യത്ത് ഈ വാക്സിൻ ഉപയോഗിക്കില്ല.
അടുത്തിടെ നോർവേയിൽ വാക്സിനെടുത്ത മുതിർന്നവരിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയതിനു പിന്നാലെ അയർലൻഡ് ആസ്ട്രസെനക ഉപയോഗം നിർത്തിവെച്ചിരുന്നു. എന്നാൽ, രക്തം കട്ടപിടിക്കലും വാക്സിനും തമ്മിൽ ബന്ധമില്ലെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. സംഭവം യൂറോപ്യൻ മെഡിസിൻസ് ഏജൻസി അന്വേഷിച്ചുവരികയാണ്.
ഡെൻമാർക്, നോർവേ, ബൾഗേറിയ, ഐസ്ലൻഡ്, തായ്ലൻഡ് എന്നീ രാജ്യങ്ങൾ നേരത്തെ ആസ്ട്ര സെനകക്ക് വിലക്കേർപെടുത്തിയിരുന്നു. അയൽരാജ്യങ്ങളെടുത്ത നടപടി പിൻതുടർന്ന് സുരക്ഷ മുൻകരുതലിെൻറ ഭാഗമായാണ് നിർത്തിവെച്ചതെന്ന് ഡച്ച് സർക്കാർ അറിയിച്ചു. 1.2 കോടി ആസ്ട്രസെനക വാക്സിനുകൾക്ക് നേരത്തെ സർക്കാർ ഓർഡർ നൽകിയിരുന്നു. ഇതിൽ മൂന്നു ലക്ഷം വാക്സിനുകൾ അടുത്ത രണ്ടാഴ്ചക്കിടെ രാജ്യത്ത് എത്താനിരിക്കെയാണ് നടപടി.
നോർവീജിയൻ മെഡിസിൻ ഏജൻസി പുറത്തുവിട്ട പഠനം മുൻനിർത്തിയാണ് അയർലൻഡ് നേരത്തെ വാക്സിനേഷൻ നിർത്തിവെച്ചത്. ആസ്ട്രസെനക വാക്സിൻ സ്വീകരിച്ച മൂന്ന് ആരോഗ്യപ്രവർത്തകർക്ക് നോർവേയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഓസ്ട്രിയയിൽ ഒരു മരണവും പാർശ്വഫലങ്ങൾ കാരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, 1.7 കോടി പേർ യൂറോപിൽ വാക്സിൻ സ്വീകരിച്ചതിൽ അപൂർവം ചിലർക്കു മാത്രമാണ് പാർശ്വഫലങ്ങൾ സ്ഥിരീകരിച്ചതെന്നും രണ്ടും തമ്മിൽ ബന്ധം ഉറപ്പിക്കാനായിട്ടില്ലെന്നും ആസ്ട്രസെനക പറഞ്ഞു.