കേരളം
കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടിയുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴയാരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി തേടി പൊലീസ് നൽകിയ അപേക്ഷ ഇന്ന് കാസർഗോഡ് കോടതി പരിഗണിക്കും.
പരാതിക്കാരനായ എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശൻ കോടതിയിലെത്തി മൊഴി നൽകും. പത്രിക പിൻവലിക്കാൻ ബി എസ് പി സ്ഥാനാർത്ഥി കെ സുന്ദരക്ക് ബിജെപി നേതാക്കൾ രണ്ടര ലക്ഷം രൂപയും ഫോണും നൽകിയെന്നാണ് പരാതി.
പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക പൊലീസ് കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ പണം നൽകുന്നതിന് മുമ്പ് ബിജെപി നേതാക്കൾ തടങ്കലിൽ വെച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്.
കേസെടുക്കാൻ കോടതി അനുമതി ആവശ്യമില്ലാത്ത വകുപ്പുകൾ ചുമത്താൻ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിനാകും. പ്രാഥമിക അന്വേഷണം തുടങ്ങിയതിനാൽ തുടർനടപടിക്ക് റേഞ്ച് ഐജിക്ക് റിപ്പോർട്ട് നൽകി അനുമതി തേടണം.