കേരളം
വിറ്റഴിക്കാൻ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ലിറ്റർ ബിയർ നശിപ്പിക്കുന്നു
വിറ്റഴിക്കാന്‍ സാധിക്കാതെ വന്ന ബിയര്‍ നശിപ്പിക്കാനൊരുങ്ങി ബീവറേജസ് കോര്‍പ്പറേഷന്‍. 50 ലക്ഷത്തോളം ലിറ്റര്‍ ബിയറാണ് കോര്‍പ്പറേഷന്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ജൂണ്‍, ജൂലായ് മാസങ്ങളില്‍ മാറ്റിവച്ച സ്റ്റോക്കാണ് ഇപ്പോള്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നത്. ബീവറേജസ് കോര്‍പ്പറേഷന്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ബിയറാണ് വാങ്ങി സൂക്ഷിച്ചിരുന്നത്. മഴക്കാലത്ത് ബിയര്‍ വില്‍പന കുറയുമെന്ന വിവരം വകവയ്ക്കാതെയാണ് ലക്ഷക്കണക്കിന് ബിയര്‍ സ്റ്റോക്ക് ചെയ്തത്.
സാധാരണയില്‍ കവിഞ്ഞ വിലക്കിഴിവിലും മറ്റ് ആനുകൂല്യങ്ങളും കോര്‍പ്പറേഷന് വേണ്ടി നല്‍കിയ കമ്പനിയില്‍ നിന്നുമാണ് ബിയര്‍ വാങ്ങിയത്. ഒരു കുപ്പിക്ക് 130 രൂപയും 160 രൂപയും ഈടാക്കി മദ്യവില്‍പന ശാലകളില്‍ വില്‍ക്കുന്ന ബിയറാണ് ഇപ്പോള്‍ നശിപ്പിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ബിയര്‍ ഉപയോഗിച്ചില്ലെങ്കില്‍ നശിപ്പിക്കണമെന്നാണ് നിയമം.
മഴക്കാലത്ത് പൊതുവെ കുറഞ്ഞ അളവിലാണ് ബിയര്‍ വില്‍പ്പന. ഈ പതിവ് തെറ്റിച്ച് വാങ്ങിയതോടെയാണ് കാര്യങ്ങള്‍ അവതാളത്തിലായത്. സാധാരണ മദ്യം വിറ്റഴിച്ചതിന് ശേഷമാണ് കമ്പനിക്ക് പണം നല്‍കുന്നത്. ബിയറാണെങ്കിലും ഈ രീതി തന്നെയാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ബിയര്‍ ആറുമാസത്തിനകം വിറ്റഴിക്കുന്നതിനാല്‍ കമ്പനിക്ക് ഉടന്‍ തന്നെ പണം ലഭിക്കുമായിരുന്നു. എന്നാല്‍ ബിയര്‍ വിറ്റഴിക്കാന്‍ കഴിയാത്തതില്‍ കമ്പനിക്ക് പണം കൊടുക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല.
ഇപ്പോള്‍ ബിയര്‍ നശിപ്പിക്കുന്നതോടെ കോര്‍പ്പറേഷന് കനത്ത നഷ്ടമാണ് ഉണ്ടാകുക. വിറ്റഴിക്കാന്‍ കഴിയാതെ വന്ന സ്‌റ്റോക്കിനെ തുടര്‍ന്ന് പുതിയ സ്റ്റോക്ക് സൂക്ഷിക്കാനിടമില്ലാത്ത സ്ഥിതിയാണുള്ളത്. ഇതോടെയാണ് ബിയര്‍ നശിപ്പിക്കാന്‍ തീരുമാനിച്ചത്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് മദ്യനിര്‍മാണശാലയിലെത്തിച്ചാണ് ഇത്രയധികം ബിയര്‍ നശിപ്പിക്കേണ്ടത്. 70 ലക്ഷത്തോളം കുപ്പികള്‍ നശിപ്പിക്കേണ്ടിവരും. ഇങ്ങനെ നശിപ്പിക്കുന്നതിനും കോര്‍പ്പറേഷന്റെ കയ്യില്‍ നിന്ന് വലിയൊരു തുക ചെലവാകും.
അതേസമയം, കാലാവധി കഴിഞ്ഞ മദ്യവും ഒഴുക്കിക്കളാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനായി വനിതകളുടെ സഹകരണം കോര്‍പ്പറേഷന്‍ തേടിയിരുന്നു. പാലക്കാട് മേനോന്‍പാറ വെയര്‍ഹൗസില്‍ സൂക്ഷിച്ച മദ്യം ഒഴുക്കിക്കളയുന്നതിന് വേണ്ടിയാണ് വനിതകളുടെ സഹകരണം തേടിയത്. കാലാവധി കഴിഞ്ഞ വിലകൂടിയ മദ്യമാണ് ഒഴുക്കിക്കളയേണ്ടത്. കഴിഞ്ഞ തവണ 50,000 കെയ്‌സ് മദ്യമാണ് ഇവിടെ നശിപ്പിച്ചത്.
ഒരു കെയ്‌സില്‍ 9 ലീറ്ററെന്ന കണക്കുവച്ച് 4.5 ലക്ഷം ലീറ്റര്‍ മണ്ണില്‍ ഒഴിച്ചു കളഞ്ഞു. വിലകുറഞ്ഞ ഇനമാണ് കൂടുതലായി ചെലവാകുകയെന്നതിനാല്‍ പലയിടത്തും വിലയേറിയവ ഔട്ട്‌ലറ്റുകളില്‍ ബാക്കിയാകും. ഈ സാഹചര്യത്തിലാണ് മദ്യം നശിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. കാലാവധി കഴിഞ്ഞതിന്റെ എണ്ണം കൃത്യമായി തയാറാക്കി എക്‌സൈസ് കമ്മിഷണര്‍ക്കു സമര്‍പ്പിച്ച ശേഷം പ്രത്യേക അനുമതിയോടെയാണ് നശിപ്പിക്കുക.