കേരളം
പെട്രോള്‍, ഡീസല്‍, മദ്യം, വെള്ളക്കരം, വൈദ്യുതി നിരക്ക്! ഇനി ജീവിതച്ചെലവ് ഏറും, നിരക്ക് വര്‍ധന പ്രാബല്യത്തില്‍
സംസ്ഥാനത്ത് ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടി പുതിയ നിരക്ക് വര്‍ധന നിലവില്‍ വന്നു. പെട്രോളിനും ഡീസലിനും ഇന്ന് മുതല്‍ 2 രൂപ അധികം നല്‍കണം. ഇന്ധന വില കുതിച്ചുയരുന്നതിനിടയില്‍ ധനപ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് രണ്ട് രൂപ സെസ്സ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ക്ഷേമെ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായാണ് ഇത് ബജറ്റില്‍ പ്രഖ്യാപിച്ചത്. കൂടാതെ മദ്യവിലയും കുത്തനെ ഉയരും. മദ്യത്തിന് പത്ത് രൂപയുടെ വരെ വ്യത്യാസം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഭൂമിയുടെ ന്യായവിലയും ഭൂനികുതിയും ഒപ്പം കൂടുകയാണ്.
ഇതിനിടെ വെള്ളക്കരത്തിന്റെ വര്‍ധന നിലവില്‍ വന്നുകഴിഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധന ജൂണ്‍ 30നകം വരും. മദ്യത്തിനു മിനിമം പത്തു രൂപയെങ്കിലും കൂടും. ആയിരം വിലയുള്ള മദ്യത്തിന് 20 രൂപയും ആയിരത്തിനു മുകളിലുള്ള മദ്യത്തിനു 40 രൂപ നിരക്കിലുമാണു വര്‍ധന വരുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ധനവാണ് നടപ്പാകുന്നത്. 13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്.
ഒരു ലക്ഷം ന്യായവിലയുള്ള ഭൂമി പ്രമാണത്തിനു സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി 10,000 രൂപയായിരുന്നത് ഇനി 12,000 രൂപയാവും. കൂടിയ നിരക്ക് നിലവിൽ വരുന്നതിന് മുൻപ് പരമാവധി പേര്‍ രജിസ്ട്രേഷൻ നടത്തിയതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഈ മാസം മാത്രം 200 കോടിയോളം രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്.
ജനങ്ങള്‍ മുണ്ട് മുറുക്കിയുടുത്ത് ജീവിക്കേണ്ട അവസ്ഥ നിലനില്‍ക്കുമ്പോഴാണ് കടുത്ത പ്രതിഷേധം വകവയ്ക്കാതെ നികുതിനിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. പെട്രോള്‍-ഡീസല്‍ സെസ് അടക്കം പിന്‍വലിക്കണമെന്ന് കടുത്ത സമ്മര്‍ദമുയര്‍ന്നിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നത്.