ആരോഗ്യം
കൊറോണ വൈറസ് മൃഗങ്ങളിലും പടരാന്‍ തുടങ്ങിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
കൊറോണ ബാധിച്ചതിനെ തുടര്‍ന്ന്ഏഷ്യാട്ടിക് സിംഹത്തിന്റെ മരണവും മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്ന നാഷണല്‍ പാര്‍ക്കുകള്‍, മൃഗസംരക്ഷണ പ്രദേശങ്ങള്‍, സംരക്ഷിത വന മേഖലകള്‍ എന്നിവ അടച്ചിടണമെന്നും മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
നാഷണല്‍ പാര്‍ക്കുകളിലേക്കും മറ്റുമുള്ള ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇത്തരം പ്രദേശങ്ങളോട് ചേര്‍ന്ന് താമസിക്കുന്ന ആളുകള്‍, മറ്റ് ഗ്രാമീണര്‍ എന്നിവരുടെ കാര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച എല്ലാ വ്യവസ്ഥകളും പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സംരക്ഷിത മേഖലകളിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തിയാല്‍ മൃഗങ്ങള്‍ക്കിടയില്‍ മാരകമായ രീതിയില്‍ പകര്‍ച്ചവ്യാധി പടരുന്നതിനുള്ള സാദ്ധ്യത ഉണ്ടെന്നും, മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും വൈറസ് പകര്‍ന്നേക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
വൈറസ് വ്യാപനം തടയുന്നതിന് മൃഗങ്ങളെ അടിയന്തിരമായി ചികിത്സക്ക് വിധേയമാക്കാനും അവയെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളിലേക്ക് സുരക്ഷിതമായി വിട്ടയക്കുന്നതിനുമുള്ള സേവനങ്ങള്‍ ആരംഭിക്കാനും മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.