കേരളം
സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: കെ.കെ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി. കോൺഗ്രസ് നേതാവിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി രമാ ദേവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിൽ ഇരയായ രാജേന്ദ്രൻ നായരുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് കെ.കെ എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്ക് ഭരണസമിതിയുടെ പ്രസിഡന്റ് ആയിരുന്നു എബ്രഹാം. വഞ്ചന, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ എബ്രഹാം കുറ്റക്കാരൻ ആണെന്നും രാജേന്ദ്രൻ നായരുടെ ആത്മഹത്യക്ക് കാരണം വായ്പാ തട്ടിപ്പാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
രാജേന്ദ്രൻ നായരുടെ ആത്മഹത്യയിലും വായ്പാക്രമക്കേടിലും നേരിട്ട് ബന്ധമില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ഉള്ള പ്രതിഭാഗം വാദം കോടതി തള്ളിയാണ് ഈ മാസം 15 വരെ റിമാൻഡിൽ അയച്ചത്. കേസ് രാഷ്ട്രീയ പ്രേരിതം എന്നായിരുന്നു എബ്രഹാമിന്റെ പ്രതികരണം. ഇന്നലെ റിമാൻഡിൽ ആയ ബാങ്ക് മുൻ സെക്രട്ടറി രമാദേവിയുടെ ജാമ്യാപേക്ഷയും കോടതി നിരസിച്ചു. കേസിൽ പ്രതിയായ സേവാദൾ ജില്ലാ വൈസ് ചെയർമാൻ സജീവൻ കൊല്ലപ്പിള്ളിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.