കേരളം
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്.ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വില 2035 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.ഇന്ത്യൻ ഓയിൽ പുറത്തിറക്കിയ വില അനുസരിച്ച് ജൂലൈ 1 മുതൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 198 രൂപ കുറയും.
ഡൽഹിയിൽ ജൂൺ 30 വരെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടർ ലഭിച്ചിരുന്നത് 2219 രൂപയ്ക്കായിരുന്നുവെങ്കിൽ ഇന്നുമുതൽ അതായത് ജൂലൈ 1 മുതൽ ഇതിന്റെ വില 2021 രൂപയായി കുറഞ്ഞിരിക്കുകയാണ്. അതുപോലെ കൊൽക്കത്തയിൽ സിലിണ്ടറിന് 2322 രൂപയായിരുന്നത് ഇന്നുമുതൽ 2140 രൂപയ്ക്ക് ലഭിക്കും. മുംബൈയിൽ 2171.50 രൂപ ഉണ്ടായിരുന്ന സിലണ്ടർ ഇന്നുമുതൽ 1981 രൂപയ്ക്കും, ചെന്നൈയിൽ 2373 രൂപയായിരുന്നത് ഇനി 2186 രൂപയ്ക്കും ലഭിക്കും.
എന്നാൽ എണ്ണക്കമ്പനികൾ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ ഒരു ഇളവും നൽകിയിട്ടില്ല. 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടർ 1003 രൂപയ്ക്കാണ് ഡൽഹിയിൽ ലഭിക്കുന്നത്. നേരത്തെ അതായത് ജൂൺ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 135 രൂപ കുറഞ്ഞിരുന്നു. അത് നോക്കുകയാണെങ്കിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 300 രൂപയിലേറെയാണ് സിലിണ്ടർ വില കുറച്ചത്. മെയ് മാസത്തിൽ സിലിണ്ടറിന്റെ വില വർധിച്ച് 2354 രൂപയായി ഉയർന്നിരുന്നു.
അതുപോലെ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില അവസാനമായി മാറിയത് മെയ് 19 നാണ്. ഇതിനിടയിൽ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ ഉജ്ജ്വല പദ്ധതി പ്രകാരം സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഈ സബ്‌സിഡി പ്രതിവർഷം 12 സിലിണ്ടറുകൾക്ക് മാത്രമേ ലഭ്യമാകൂ. സർക്കാരിന്റെ ഈ നടപടിയിലൂടെ പ്രയോജനം ലഭിച്ചത് 9 കോടിയിലധികം ഉപഭോക്താക്കൾക്കാണ്.