കേരളം
ആഹ്‌ളാദ പ്രകടനങ്ങൾക്ക് നിയന്ത്രണം; മലപ്പുറത്തും കോഴിക്കോടും നിരോധനാജ്ഞ
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഹ്‌ളാദ പ്രകടനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍.
ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോളിനെ ലംഘിച്ചു കൊണ്ടാകരുതെന്നാണ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. മാത്രമല്ല, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്‌ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വിവിധ ജില്ല ഭരണകൂടങ്ങൾ. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും ഹാരം, നോട്ടുമാല, ബൊക്കെ, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പരിപാടികൾ ഒഴിവാക്കണമെന്നും ജില്ല കലക്ടർമാർ അറിയിച്ചു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുംവിധം വാദ്യോപകരണങ്ങൾ, ഉച്ചഭാഷണി തുടങ്ങിയവ ഉപയോഗിച്ചുള്ള ആഹ്ലാദ പ്രകടനം നടത്തരുതെന്നും അഭ്യർഥനയുണ്ട്.
ഫലപ്രഖ്യാപനം കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായി ഇന്നു മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
സംഘർഷ സാധ്യത നിലനിൽക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, പേരാമ്പ്ര, വളയം, കുറ്റ‌്യാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നത്. നാളെ വൈകുന്നേരം ആറ് വരെയാണ് നിരോധനാജ്ഞ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം അതത് വാർഡുകളിൽ മാത്രമെ പ്രകടനം പാടുള്ളു എന്നാണ് നിർദ്ദേശം.